ഇന്നലെ മാത്രം 25 ആകെ 260

Sunday 28 June 2020 12:38 AM IST
covid

പാലക്കാട്: രണ്ടു കുടുംബങ്ങളിലെ ഏഴുപേർ ഉൾപ്പെടെ 25 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ നിന്നെത്തിയ പൂക്കോട്ടുകാവ് സ്വദേശിനി (81), ഇവരുടെ മകൾ (41), ചെറുമകൻ (7), ബന്ധു (21) എന്നിവർക്കും കടമ്പഴിപ്പുറം പുലാപ്പറ്റ സ്വദേശികളായ ദമ്പതികൾക്കും (46- സ്ത്രീ, 52- പുരുഷൻ) ഇവരുടെ 21 വയസുള്ള മകനുമാണ് രോഗബാധ. പൂക്കോട്ടുകാവ് സ്വദേശിനിയായ 41 വയസുകാരിയുടെ മകൾക്ക് ജൂൺ 21ന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 260 ആയി. രണ്ടുപേർ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

തുടർച്ചയായി മൂന്നാംദിവസവും ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 20 കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവർ വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. സമ്പർക്കത്തിലൂടെ ആർക്കും രോഗബാധയില്ല എന്നാണ് ആകെയുള്ള ആശ്വാസം. കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടും നഗരത്തിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ അധികൃതർ തയ്യാറാവിന്നില്ല. പലരും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം പാലിക്കാതെയാണ് പുറത്തിറങ്ങി നടക്കുന്നത്.

ജില്ലയിൽ രണ്ടു ഘട്ടങ്ങളിലുമായി ഇതുവരെ 482 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 220 പേർ ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ 30 പേരെയാണ് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 17,931 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതിൽ 16,448 പരിശോധനാ ഫലങ്ങൾ ലഭ്യമായി. ഇന്നലെ 298 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 381 സാമ്പിളുകളും അയച്ചു. ഇനി 1483 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇതുവരെ 57947 പേരാണ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയത്. ഇതിൽ ഇന്നലെ മാത്രം 487 പേർ ക്വാറന്റൈൻ പൂർത്തിയാക്കി. നിലവിൽ 10,090 പേർ ജില്ലയിൽ വീട്ടിൽ നിരീക്ഷണത്തിലുണ്ട്. സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 3297 സാമ്പിളുകളും ഓഗ്‌മെന്റഡ് സർവൈലൻസ് പ്രകാരം ഇതുവരെ 381 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവർ: മഹാരാഷ്ട്ര 2: കാരാകുറുശ്ശി സ്വദേശികളായ അമ്മയും (47), മകളും (23), ഖത്തർ 1: അലനല്ലൂർ കാഞ്ഞിരംപാറ സ്വദേശി (41). യു.എ.ഇ.3: തെങ്കര കൈതച്ചിറ സ്വദേശി (31), ഷൊർണൂർ ഗണേഷ് ഗിരി സ്വദേശി (54), ദുബായിൽ നിന്നും വന്ന കടമ്പഴിപ്പുറം സ്വദേശി (38). കുവൈത്ത് 9: അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശി (24), തരൂർ അത്തിപ്പറ്റ സ്വദേശി (28), കണ്ണാടി സ്വദേശി (25), അടിപ്പെരണ്ട അയിലൂർ സ്വദേശി (28), കിഴക്കഞ്ചേരി കോരഞ്ചിറ സ്വദേശി (29), മുന്നൂർകോട് പൂക്കോട്ടുകാവ് (34), മുടപ്പല്ലൂർ വണ്ടാഴി സ്വദേശി (51), വണ്ടാഴി കിഴക്കേത്തറ സ്വദേശി (28), വടക്കഞ്ചേരി ആയക്കാട് സ്വദേശി (32). തമിഴ്‌നാട് 8: ശ്രീകൃഷ്ണപുരം വലംപിരിമംഗലം സ്വദേശി (55), പൂക്കോട്ടുകാവ് പരിയാനംപറ്റ സ്വദേശികളായ അമ്മയും (81), മകളും (41), ചെറുമകനും (7), ഇവരുടെ ബന്ധു(21, പുരുഷൻ). കടമ്പഴിപ്പുറം പുലാപ്പറ്റ സ്വദേശികളായ ദമ്പതികൾക്കും മകനും (21). സൗദി1: ദമാമിൽ നിന്നും വന്ന പട്ടാമ്പി കിഴായൂർ സ്വദേശി (37). ഖത്തർ1: കരിമ്പുഴ സ്വദേശി (56).