മരിച്ച എക്സൈസ് ഡ്രൈവറുടെ അവസാന പരിശോധന ഫലം നെഗറ്റീവ്

Sunday 28 June 2020 12:38 AM IST

പടിയൂർ (കണ്ണൂ‌ർ): കൊവിഡ് ബാധിച്ചു മരിച്ചുവെന്ന് വിധിയെഴുതിയ എക്സൈസ് ഡ്രൈവറുടെ അവസാനത്തെ പരിശോധന ഫലം നെഗറ്റീവ്. മൃതദേഹത്തിൽ നിന്ന് ശേഖരിച്ച സ്രവത്തിൽ നടത്തിയ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കണ്ണൂരിലെ ബ്ലാത്തൂർ പടിയൂരിലെ കെ.പി.സുനിലാണ് (28) ഈ മാസം 18 ന് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. പനിയും ശ്വാസതടസവും മൂലം ആരോഗ്യനില വഷളായ സുനിലിന് 16 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് ഇയാൾക്ക് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. സുനിലിന്റെ ചികിത്സയിൽ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സഹോദരൻ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.

തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് സുനിൽ പറയുന്നതിന്റെ ഫോൺ റെക്കാഡ് പുറത്തുവന്നിരുന്നു. എന്നാൽ ആരോപണം പരിയാരം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ കടുത്ത ന്യുമോണിയയുണ്ടായിരുന്നു എന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ വിശദീകരണം.