കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈമാറിയ 47 പേർ അറസ്റ്റിൽ
Saturday 27 June 2020 10:44 PM IST
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും കൈമാറിയ 47 പേർ അറസ്റ്റിൽ. ക്രൈം ബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ 117 പൊലീസ് സംഘങ്ങൾ സംസ്ഥാനത്താകെ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. 89 കേസുകൾ രജിസ്റ്റർ ചെയ്തു. ലോക്ക് ഡൗൺ കാലത്ത് കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ കൂടുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഡി.ജി.പി ലോക്നാഥ് ബെഹറ പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്. മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌കുകൾ, ലാപ്‌ടോപ്പുകൾ, മെമ്മറി കാർഡുകൾ ഉൾപ്പടെയുള്ള 143 ഉപകരണങ്ങളും വിവിധയിടങ്ങളിൽ നിന്ന് പിടിച്ചെടുത്തു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈമാറ്റം ചെയ്യുന്ന സാമൂഹിക മാദ്ധ്യമ ഗ്രൂപ്പുകളിലെ 92 അഡ്മിൻമാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കേരളാ സൈബർഡോം നോഡൽ ഓഫീസർ എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു.