കുഞ്ഞു സരസ്വതിക്ക് കുഞ്ഞുപിറന്നു, പൊക്കമില്ലാത്ത അമ്മയായി റെക്കാഡ്

Sunday 28 June 2020 7:02 AM IST

കൊല്ലം: വെറും രണ്ടര അടി ഉയരമുള്ളസരസ്വതിക്ക് കന്നി പ്രസവത്തോടെ ഗിന്നസ് ബുക്കിൽ ഇടം കിട്ടിയേക്കും. ഏറ്റവും പൊക്കം കുറഞ്ഞ അമ്മപശുവെന്ന ഖ്യാതിയാണ് കൈവരുന്നത്.

കൊല്ലം തൃപ്പനയം ദേവീക്ഷേത്രം ഗോശാലയിലെ അന്തേവാസിയാണ് സരസ്വതി. പ്രസവിച്ചത് ചുറുചുറുക്കുള്ള കാളക്കുട്ടനെ. കർണാടക സ്വദേശിയാണ് ബംഗാരു ഇനത്തിൽപ്പെട്ട സരസ്വതി.

രണ്ടുവർഷം മുൻപ് ഗോശാല ആരംഭിച്ചപ്പോൾ ക്ഷേത്രത്തിലേക്ക് ആദ്യം വന്നത് സരസ്വതിയുടെ അമ്മയും സഹോദരനുമാണ്. ഇവിടത്തെ രണ്ടാം പ്രസവത്തിലാണ് സരസ്വതിയുടെ ജനനം. ജനിച്ചപ്പോൾ നിറം തൂവെള്ള. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കാപ്പിപ്പൊടി നിറമായി. ഇപ്പോൾ രണ്ട് വയസായി. സരസ്വതിയുടെ അമ്മയ്ക്കും സഹോദരങ്ങൾക്കും മൂന്നര അടിയോളം പൊക്കമുണ്ട്.

ഗർഭിണിയായത് മുതൽ എള്ളിൻപിണ്ണാക്കും തവിടുമാണ് നൽകുന്നത്. സരസ്വതിയുടെ കുഞ്ഞുവയർ കണ്ടപ്പോൾ പശുക്കിടാവിനെയാണ് പ്രതീക്ഷിച്ചത്. ക്ഷേത്ര ഭാരവാഹികൾ കാളിയെന്നപേര് കണ്ടുവയ്ക്കുകയും ചെയ്തിരുന്നു. കാളക്കുട്ടന് പേരിട്ടിട്ടില്ല.

ഔഷധ ഗുണമുള്ളതാണ് പാൽ. ലിറ്ററിന് നൂറ് രൂപ വരെ വിലയുണ്ട്. വിൽക്കാറില്ല. ക്ഷേത്രപൂജകൾക്കാണ് ഉപയോഗിക്കുന്നത്. സരസ്വതി ഒരു ലിറ്റർ പാൽ തരുന്നുണ്ട്. ഒരു നേരമേ കറക്കൂ. ബാക്കി പാൽ കുഞ്ഞിനുള്ളതാണ്. ബംഗാരു പശുക്കളെ കേരളത്തിൽ അപൂർവമായേ വളർത്താറുള്ളു.

ബംഗാരു കാലികളുടെ

പൊക്കം: 3.5 ​- 4 അടി

''സരസ്വതിയെയും കുഞ്ഞിനെയും കാണാൻ നിരവധി പേർ എത്തുന്നുണ്ട്. കൊവിഡ് കാരണം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗിന്നസ് ബുക്കിൽ പേര് ചേർക്കാനുള്ള ഒരുക്കം തുടങ്ങി. ഗോശാലയിൽ ആകെ പത്ത് പശുക്കളുണ്ട്.''

സി.കെ. ചന്ദ്രബാബു,

പ്രസിഡന്റ്, തൃപ്പനയം ദേവീക്ഷേത്രം