കേരളത്തിനു പുറത്തുപോയി കൊവിഡ് ബാധിച്ചവരുടെ റൂട്ട് പരിശോധിക്കുന്നു

Sunday 28 June 2020 12:02 AM IST

തിരുവനന്തപുരം: കേരളത്തിൽ നിന്നു മറ്റ് സംസ്ഥാനങ്ങളിൽ പോയ ശേഷം കൊവിഡ് പോസിറ്റീവായ 110 പേരുടെ റൂട്ട് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഇത്തരം കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് ഇവരുടെ ജില്ലകളിൽ പരിശോധന നടത്താനുള്ള തീരുമാനം. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ രേഖപ്പെടുത്തിയ രോഗബാധിതരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിച്ച് കൈമാറിയിട്ടുണ്ട്.

യാത്ര പുറപ്പെട്ട തീയതി, പരിശോധന നടന്നത് എന്നാണ്, രോഗ ബാധിതരുമായി സമ്പർക്കമുണ്ടായിട്ടുണ്ടോ, ഇവരുമായി സമ്പർക്കമുണ്ടായവരിൽ രോഗലക്ഷണങ്ങളുണ്ടോ എന്നൊക്കെയാണ് പരിശോധിക്കുന്നത്.

തമിഴ്‌നാട് സർക്കാർ വെബ് സൈറ്റിലെ കണക്കനുസരിച്ച് കേരളത്തിൽ നിന്നെത്തിയ 95 പേർ പോസിറ്റീവായിട്ടുണ്ട്. കർണാടകത്തിൽ ഏഴും. ഇപ്പോൾ പരിശോധിക്കുന്ന 110 പേരുടെ ലിസ്റ്റിൽ ഇവർ എല്ലാവരുടെയും വിവരങ്ങൾ ലഭ്യമായിട്ടില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുൾപ്പെടെ പോസിറ്റീവായവരും പട്ടികയിലുണ്ട്.

110 പേരുടെ ജില്ല

കാസർകോട്: 14, കൊല്ലം- 11, കണ്ണൂർ, കോഴിക്കോട്,ആലപ്പുഴ: 10 പേർ വീതം, പാലക്കാട്, പത്തനംതിട്ട , തൃശൂർ, ഇടുക്കി: 9 വീതം, കോട്ടയം: 8, മലപ്പുറം: 5, എറണാകുളം: 3, വയനാട്: 2 തിരുവനന്തപുരം:1