കാർഡ് നമ്പരും ഒ.ടി. പിയും ചോദിച്ചു വാങ്ങി നെയ്‌മീനിന്റെ വില ഓൺലൈനിൽ തരാമെന്ന് പറഞ്ഞ് 87,980 രൂപ തട്ടി
തിരുവനന്തപുരം: നെയ്‌മീൻ വാങ്ങാനെന്ന വ്യാജേന മിലിട്ടറി ഉദ്യോഗസ്ഥൻ ചമഞ്ഞ ഓൺലൈൻ തട്ടിപ്പു സംഘം തലസ്ഥാനത്തെ സ്ഥാപന ഉടമയുടെ സഹായിയുടെ
ഒ.ടി.പി നമ്പർ കൈക്കലാക്കി അക്കൗണ്ടിൽ നിന്ന് 87,980 രൂപ തട്ടിയെടുത്തു. ഉടൻ പരാതി ലഭിച്ചതിനാൽ തിരുവനന്തപുരം സിറ്റി സൈബർ സെൽ സമയോചിതമായി ഇടപെട്ട് 78,980 രൂപ തിരികെ പിടിച്ചു. തിരുമല ഇലിപ്പോട് സ്വദേശിയായ യുവാവിനെയാണ് കബളിപ്പിച്ചത്.
പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന മുട്ടടയിലെ സ്ഥാപന ഉടമയെ ഫോണിൽ വിളിച്ച് 10 കിലോ നെയ്‌മീൻ ആവശ്യപ്പെട്ടു. പണം ഓൺലൈൻ ആയി നൽകുന്നതിന് കാർഡ് നമ്പരും ചോദിച്ചു. ഉടമയ്ക്ക് കാർഡ് ഇല്ലാത്തതിനാൽ അയാൾക്കുവേണ്ടി ഓൺലൈൻ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന യുവാവിന്റെ ഫോൺ നമ്പർ നൽകി. തട്ടിപ്പ് സംഘം ഇയാളെ ഫോണിൽ ബന്ധപ്പെട്ടു. കടയുടമയ്ക്ക് മീനിന്റെ പണം കൈമാറാനാണെന്ന് പറഞ്ഞ് ഇയാളുടെ കാർഡ് നമ്പരും മൊബൈൽ ഫോണിൽ വന്ന ഒ.ടി.പി നമ്പരും ചോദിച്ച് മനസിലാക്കിയാണ് പണം തട്ടിയെടുത്തത്. തട്ടിപ്പാണെന്നറിഞ്ഞ ഉടനെ യുവാവ് സൈബർ സെല്ലിൽ പരാതിപ്പെട്ടതുകൊണ്ടാണ് പണം തിരികെപ്പിടിക്കാൻ കഴിഞ്ഞത്. പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും തട്ടിപ്പ് സംഘം 'മൊബിക് വിക്' വാലറ്റിലേക്ക് മാറ്റിയ 19,000 രൂപയിൽ 10,000 രൂപയും 'ഫ്ളിപ്പ്കാർട്ട്' അക്കൗണ്ടിലേക്ക് മാറ്റിയ 68,980 രൂപ മുഴുവനായും തിരിച്ചു പിടിച്ചു. ഈ തുക പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്തു. തട്ടിപ്പ് സംഘത്തെ കണ്ടെത്താൻ സൈബർ സെൽ അന്വേഷണം ഊർജ്ജിതമാക്കിയതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. മിലിട്ടറി ഉദ്യോഗസ്ഥനെന്ന പേരിൽ വാഹനങ്ങൾ വിൽക്കാനുണ്ടെന്നുള്ള തരത്തിൽ പ്രചരിക്കുന്ന പരസ്യങ്ങളുടെ പിന്നിലും തട്ടിപ്പ് സംഘങ്ങളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ജാഗ്രത വേണം!
പണം കൈമാറാനെന്ന വ്യാജേന കാർഡ് നമ്പരും ഒ.ടി.പി. നമ്പരും മനസിലാക്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കമ്മിഷണർ അറിയിച്ചു. കാർഡിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ എത്രയുംവേഗം തിരുവനന്തപുരം സിറ്റി സൈബർ സെല്ലിന്റെ 9497975998 എന്ന നമ്പരിൽ ബന്ധപ്പെടണം.