ഫിറോസിന്റെ ജീവൻ മുങ്ങിയെടുത്ത രഞ്ജിത്ത്കുമാറിന് ഡി.ജി.പിയുടെ പാരിതോഷികം

Monday 29 June 2020 12:14 AM IST
കുളത്തിൽ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന് ഡി ജി പിയുടെ പാരിതോഷികം

കാസർകോട്: ചെമ്മനാട് പഞ്ചായത്ത് കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന 19 കാരനെ രക്ഷപ്പെടുത്തിയ സിവിൽ പൊലീസ് ഓഫീസർക്ക് 5,000 രൂപ പാരിതോഷികവും മെറിറ്റോറിയസ്‌ സർവീസ് എൻട്രിയും നൽകാൻ ഉത്തരവിട്ട് ഡി.ജി.പി ലോക് നാഥ് ബെഹ്‌റ . മേൽപ്പറമ്പ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ. രഞ്ജിത്ത് കുമാറിനെ തേടിയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ അനുമോദനവും പാരിതോഷികവുമെത്തിയത്.

യുവാക്കൾ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നീന്തൽ പരിശീലനം നടത്തുന്നതറിഞ്ഞ് എസ്.ഐ. എം പി പത്മനാഭൻ, സിവിൽ പൊലീസ് ഓഫീസർമാരായ കെ. രഞ്ജിത്ത് കുമാർ, എം.വി കൃപേഷ് എന്നിവർ അടങ്ങിയ പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടെങ്കിലും ഫിറോസ് എന്ന യുവാവ് മുങ്ങിത്താണു. ഇതു ശ്രദ്ധയിൽപ്പെട്ട രഞ്ജിത്ത് കുമാർ യൂണിഫോമിൽ കുളത്തിലേക്ക് ചാടി. മൂന്നുനാലു തവണ മുങ്ങിത്തപ്പിയതിനു ശേഷമാണ് കുളത്തിന്റെ അടിത്തട്ടിൽ നിന്ന് യുവാവിനെ പൊക്കിയെടുത്തത്. കരയ്‌ക്കെത്തിച്ച് കൃത്രിമ ശ്വാസം നൽകിയശേഷം ഈയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നീലേശ്വരം പള്ളിക്കര കുഞ്ഞിപുളിക്കാൽ പട്ടുവക്കാരൻ വളപ്പിൽ കെ. കുഞ്ഞിക്കണ്ണന്റെയും എം. നാണിയുടെയും മകനാണ് രഞ്ജിത്ത്. നൃത്താധ്യാപിക പി. ചിത്രലേഖയാണ് ഭാര്യ. എട്ടുമാസം പ്രായമുള്ള തൻവിസിയ മകളാണ്. സഹോദരൻ: കെ. അനൂപ്.