റംബൂട്ടാനും മാങ്കോസ്റ്റിനും ഏറ്റെടുക്കും

Monday 29 June 2020 12:21 AM IST

പത്തനംതിട്ട : കൃഷിക്കാരിൽ നിന്ന് റംബൂട്ടാനും മാങ്കോസ്റ്റിനും ഹോർട്ടികോർപ്പ് ഏറ്റെടുക്കും. ഇവ വിൽക്കാനുള്ള കർഷകർ അതാത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് വീണ ജോർജ് എം.എൽ.എ അറിയിച്ചു. കൃഷി ഓഫീസർമാർ സാക്ഷ്യപ്പെടുത്ത കർഷകരിൽ നിന്നാണ് ഹോർട്ടികോർപ്പ് പഴങ്ങൾ ഏറ്റെടുക്കുക. ഇടനിലക്കാരെയും , കച്ചവടക്കാരെയും ഒഴിവാക്കി യഥാർത്ഥ കർഷകർക്ക് പ്രയോജനം ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു ക്രമീകരണം ചെയ്തതെന്ന് എം.എൽ.എ പറഞ്ഞു. തമിഴ്‌നാട്ടിൽനിന്ന് കച്ചവടക്കാർ എത്തിയാണ് മിക്കയിടത്തും ഈ പഴങ്ങൾ ലേലം ചെയ്‌തെടുക്കുന്നത്. എന്നാൽ ഇത്തവണ കൊവിഡ് 19 വ്യാപനം മൂലം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കച്ചവടക്കാർ ഇവിടേക്ക് എത്തുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് സംസ്ഥാന സർക്കാർ ഹോർട്ടികോർപ്പ് വഴി ഇവ ഏറ്റെടുത്ത് വിതരണം ചെയ്യാൻ തീരുമാനിച്ചത്. റംമ്പൂട്ടാനും , മാങ്കോസ്റ്റിനും വിൽക്കാനുള്ള കർഷകർ അതാത് കൃഷി ഓഫീസുകളിലെ കൃഷി ഓഫീസർമാരുമായി ബന്ധപ്പെടണം. കൃഷി ഓഫീസർമാർ അറിയിക്കുന്ന മുറക്ക് ഹോർട്ടി കോർപ്പ് ഇത് വാങ്ങിക്കുന്നതാണ്. ഇത് സംബന്ധിച്ച സംശയങ്ങൾക്കും സഹായത്തിനും വിളിക്കുക. +916238426756

റമ്പൂട്ടാൻ സംഭരണം ഉദ്ഘാടനം 30ന്

പത്തനംതിട്ട: ജില്ലയിലെ കർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് റമ്പൂട്ടാൻ സംഭരിക്കുന്നതിന്റെ ഉദ്ഘാടനം 30ന് രാവിലെ 11ന് രാജു എബ്രഹാം എം.എൽ.എ നിർവഹിക്കുമെന്ന് ഹോർട്ടികോർപ് മാനേജിംഗ് ഡയറക്ടർ ജെ. സജീവ് അറിയിച്ചു. ബി ഗ്രേഡ് ഇനത്തിന് കിലോയ്ക്ക് 30 രൂപ പ്രകാരവും എ ഗ്രേഡ് ഇനത്തിന് കിലോയ്ക്ക് 60 രൂപ പ്രകാരവുമാണ് സംഭരണം. റാന്നി തോട്ടമൺ ബി.എൽ.എഫ്.ഒയിൽ (പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം) എല്ലാ ചൊവ്വാഴ്ചയും രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് സംഭരണം. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്ന കർഷകരിൽ നിന്ന് മാത്രമേ സംഭരണം നടത്തുകയുള്ളെന്ന് ഹോർട്ടികോർപ്പ് അധികൃതർ അറിയിച്ചു.