ജൂലായ് 9 ന് എൻ.ഡി.എ സെക്രട്ടറിയേറ്റ് ധർണ

Monday 29 June 2020 12:37 AM IST

കൊച്ചി: പ്രവാസികളെ സംസ്ഥാന സർക്കാർ അവഗണിക്കുന്നതിലും അഴിമതിക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെ ജൂലായ് ഒൻപതിന് സെക്രട്ടറിയേറ്റ് പടിക്കൽ ധർണ നടത്താൻ എൻ.ഡി.എ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.

പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരുമെന്ന് എൻ.ഡി.എ ചെയർമാനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ കെ. സുരേന്ദ്രൻ യോഗശേഷം പറഞ്ഞു. കേന്ദ്രത്തിന്റെ പ്രവർത്തനഫലമായി 1.25 ലക്ഷം പ്രവാസികൾ തിരിച്ചെത്തി. മുൻകൈയെടുത്ത വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ യോഗം അഭിനന്ദിച്ചു.സംസ്ഥാനത്തെ കൊവിഡ് പ്രവർത്തനങ്ങൾ പാളി. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാനം നഷ്ടപരിഹാരം നൽകണം. എൻ.ഡി.എ വിപുലപ്പെടുത്താൻ കെ. സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി, പി.സി തോമസ്, പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ എന്നിവരുൾപ്പെട്ട ഉപസമിതി രൂപീകരിച്ചു. ജൂലായ് 13,14,15 തിയതികളിൽ ജില്ലാ നേതൃയോഗവും 30 ന് വെർച്വലായി സംസ്ഥാന കൺവെൻഷനും നടത്തും.

യോഗത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു. ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, കേരള കോൺഗ്രസ് ചെയർമാൻ പി.സി തോമസ്, ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷന്മാരായ പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സംഘടനാ സെക്രട്ടറി എം. ഗണേശൻ, വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ, ബി.ഡി.ജെ.എസ് നേതാക്കളായ ബി. ഗോപകുമാർ, എ.എൻ.അനുരാഗ്, നാഷണലിസ്റ്റ് കോൺഗ്രസ് പ്രസിഡന്റ് കുരുവിള മാത്യൂസ്, ജനറൽ സെക്രട്ടറി എം.എൻ ഗിരി, ശിവസേന നേതാവ് സജി തുരുത്തിക്കുന്നേൽ, പി.എസ്.പി നേതാവ് കെ.കെ. പൊന്നപ്പൻ, സോഷ്യലിസ്റ്റ് ജനതാദൾ നേതാവ് വി.വി രാജേന്ദ്രൻ, എൽ.ജെ.പി നേതാവ് രാമചന്ദ്രൻ, കേരള കോൺഗ്രസ് നേതാവ് രാജൻ കണ്ണാട്ട് എന്നിവർ പങ്കെടുത്തു.