ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് : ജോസഫിനോട് ഇന്ന് കൂടി കാക്കാൻ കോൺ. നേതൃത്വം

Monday 29 June 2020 2:42 AM IST

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാത്ത ജോസ് വിഭാഗത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കത്തിന് തടയിട്ട് കോൺഗ്രസ് നേതൃത്വം.

ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ പ്രശ്നപരിഹാരമുണ്ടാകുമെന്നും ,അതുവരെ കാത്തിരിക്കണമെന്നും പി.ജെ.ജോസഫിനോട് ആവശ്യപ്പെട്ടു. അതിന് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്ന് ജോസഫ് വിഭാഗം ഉന്നത നേതാവ് അറിയിച്ചു. ചങ്ങനാശേരിയിൽ ശനിയാഴ്ച രാത്രി നടന്ന ജോസഫ് വിഭാഗം നേതൃയോഗം, ജില്ലാ പഞ്ചായത്തിൽ ജോസ് വിഭാഗത്തിനെതിരെ അവിശ്വാസം കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു.

ജോസ് വിഭാഗം പ്രസിഡന്റ് സ്ഥാനം രാജി വച്ച് യു.ഡി.എഫ് കരാർ പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ ആവശ്യപ്പെട്ടെങ്കിലും ,ജോസ് വിഭാഗം നേതാക്കളായ തോമസ് ചാഴിക്കാടൻ എം.പിയും,എൻ.ജയരാജ് എം.എൽ.എയും അത് തള്ളി. 'വരുന്നിടത്തു വച്ച് കാണാമെന്ന' നിലപാടിൽ ജോസ് കെ മാണി നിൽക്കുന്നത് യു.ഡി.എഫ് ഉന്നത നേതാക്കളെ വെട്ടിലാക്കി. രണ്ട് എം.പിമാരുള്ള യു.പി.എ ഘടകകക്ഷിയാണ് ജോസ് വിഭാഗം. നടപടിയെടുക്കാൻ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കേ കഴിയൂ .

അതേ സമയം,ജോസ് വിഭാഗത്തിനെതിരെ ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ അവിശ്വാസം കൊണ്ടുവരുന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.