'കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന പാർട്ടിയല്ല സി.പി.എം': പണം തട്ടിപ്പുമായി സി.പി.എം വനിതാ നേതാവ്, കുറ്റം ചെയ്തത് ആരോഗ്യമന്ത്രിയുടെ അടുത്ത ബന്ധു, കേസെടുക്കാൻ പൊലീസിന് മടി
കണ്ണൂർ: വ്യാജരേഖ ചമച്ച് സി.പി.എം നേതാവ് വാർദ്ധക്യ പെൻഷൻ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികരണവുമായി കണ്ണൂർ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. തട്ടിപ്പ് നടത്തിയ ബാങ്ക് ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്‌ത് അന്വേഷണം ആരംഭിച്ചെന്നും അന്വേഷണം നടത്തി റിപ്പോർട്ട് വന്നതിന് ശേഷം പാർട്ടി തുടർനടപടി സ്വീകരിക്കുമെന്നും എം.വി ജയരാജൻ പറയുന്നു.
സി.പി.എം മുൻ വിധിയോടെ ആരോപണത്തെ കാണുന്നില്ലെതെറ്റുകാരെ സംരക്ഷിക്കുന്ന പാർട്ടിയല്ല സി.പി.എം. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള പ്രചരണമാണ്. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നത്. ബി.ജെ.പിയും കോൺഗ്രസും അപവാദ പ്രചാരണം നടത്തുകയാണെന്നും എം.വി ജയരാജന്‍ ചൂണ്ടിക്കാണിച്ചു.
കണ്ണൂർ ഇരിട്ടിയിൽ മരിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ നിർമിച്ചുകൊണ്ടാണ് സി.പി.എം നേതാവ് സ്വപ്ന അശോക് വാര്‍ദ്ധക്യ പെന്‍ഷന്‍ തട്ടിയെടുത്തത്. പായം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭാര്യയും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അടുത്ത ബന്ധുവുമാണ് സ്വപ്ന.
തളർവാതം വന്ന് ഏഴ് കൊല്ലമായി കിടപ്പിലായിരുന്ന തോട്ടത്താൻ കൗസു കഴിഞ്ഞ മാർച്ച് 9 നാണ് മരിച്ചത്. തൊഴിലുറപ്പ് ജോലി ചെയ്ത് ജീവിക്കുന്ന മൂന്ന് പെൺമക്കളായിരുന്നു കൗസുവിനെ അവസാനകാലത്ത് ശുശ്രൂശിച്ചത്. അമ്മ മരിച്ച കാര്യം ഇവർ മാർച്ച് 20ന് പായം പഞ്ചായത്തിനെ അറിയിച്ചിരുന്നതുമാണ്.
കൗസുവിന്റെ മകളുടെ ഭർത്താവ് ക്യാൻസർ രോഗിയായ കടുമ്പേരി ഗോപി തന്റെ പെൻഷൻ വാങ്ങാൻ ഏപ്രിലിൽ അംഗൻവാടിയിൽ എത്തിയപ്പോഴാണ് തട്ടിപ്പ് നടന്നുവെന്ന് മനസിലാകുന്നത്. കൗസു മരണപ്പെട്ടതിനാൽ സർക്കാരിലേക്ക് പോകേണ്ടതാണ് ഈ തുക.
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ നേതാവും ഇരിട്ടി കോപ്പറേറ്റീവ് റൂറൽ ബാങ്ക് കളക്ഷൻ ഏജന്റുമാണ് കെ.പി സ്വപ്നയെന്ന സ്വപ്ന അശോക്. ധനാപഹരണം, വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്വപ്നയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്വപ്നയെ ബാങ്ക് സസ്പെന്റ് ചെയ്തെങ്കിലും കേസെടുക്കാൻ പൊലീസ് മടിക്കുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു.