ചികിത്സയിലിരിക്കെ മരിച്ച തമിഴ്നാട് സ്വദേശിക്ക് കൊവിഡ്

Tuesday 30 June 2020 12:12 AM IST

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച തമിഴ്നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 24 നാണ് തമിഴ്നാട് കള്ളാക്കുർച്ചി സ്വദേശിയായ അരശൻ (55) മരിച്ചത്. കോട്ടയ്ക്കൽ പാലത്തറയിൽ പഴയ സാധനങ്ങൾ ശേഖരിച്ചു വിൽപ്പന നടത്തുന്ന ഇയാളെ പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂൺ 23ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജൂൺ 24ന് പുലർച്ചെ ആറ് മണിക്ക് മരിക്കുകയായിരുന്നെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം ശേഖരിച്ച സാമ്പിൾ പരിശോധയ്ക്ക് അയച്ചിരുന്നു. രോഗി മരിച്ച ശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് ബാധ കണ്ടെത്തിയിരുന്നില്ല. തുടർന്ന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി തമിഴ്നാട്ടിൽ സംസ്‌ക്കരിച്ചു. സാമ്പിളിന്റെ തുടർപരിശോധനാ ഫലത്തിലാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും ഡി.എം.ഒ അറിയിച്ചു.