കടലിൽ പന്തെടുക്കാൻ ഇറങ്ങിയ അഞ്ച് യുവാക്കളിൽ ഒരാൾ മരിച്ചു, രണ്ടു പേരെ കാണാതായി

Tuesday 30 June 2020 12:14 AM IST

ചാവക്കാട്: കടൽത്തീരത്ത് ഫുട്ബാൾ കളിക്കുന്നതിനിടെ കടലിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ അഞ്ച് യുവാക്കളിൽ ഒരാൾ മുങ്ങിമരിച്ചു. രണ്ട് പേർ രക്ഷപ്പെട്ടു. തിരയിൽ കാണാതായ രണ്ട് പേർക്കായി ഇന്നലെ നടത്തിയ തെരച്ചിൽ വിഫലമായി. ഇന്ന് തുടരും.

ഇരട്ടപ്പുഴ ചക്കര ബാബുരാജിന്റെ മകൻ വിഷ്ണുരാജാണ് (വിഷ്ണു 19) മരിച്ചത്. ഇരട്ടപ്പുഴ സ്വദേശികളായ കരിമ്പാച്ചൻ സുബ്രഹ്മണ്യന്റെ മകൻ ജഗന്നാഥ് (20), വലിയകത്ത് ജനാർദ്ദനന്റെ മകൻ ജിഷ്ണു (23) എന്നിവരെയാണ് കാണാതായത്. ഇരട്ടപ്പുഴ സ്വദേശികളായ ആലിപ്പിരി മോഹനന്റെ മകൻ സരിൻ (ചിക്കു 20), ചക്കര ബാലകൃഷ്ണന്റെ മകൻ കണ്ണൻ (20) എന്നിവരാണ് രക്ഷപ്പെട്ടത്.

ഇന്നലെ രാവിലെ ഒമ്പതോടെ ബ്ലാങ്ങാട് പാറൻപടിയിലായിരുന്നു സംഭവം. അപകടത്തിൽപെട്ട യുവാക്കൾ ഉൾപ്പെടെ 15ലേറെ യുവാക്കൾ പാറൻപടി കടപ്പുറത്ത് ഇന്നലെ രാവിലെ ക്രിക്കറ്റ് കളിച്ചിരുന്നു. കളി കഴിഞ്ഞ് മറ്റുള്ളവർ മടങ്ങിയ ശേഷം അപകടത്തിൽ പെട്ട അഞ്ച് പേർ ചേർന്ന് ഫുട്‌ബാൾ കളിക്കാൻ തുടങ്ങി. ഇതിനിടെയാണ് പന്ത് കടലിൽ പോയത്. ജഗന്നാഥ് ആണ് പന്തെടുക്കാൻ ആദ്യം ഇറങ്ങിയത്. ശക്തമായ തിരയിൽപെട്ട് ജഗന്നാഥ് മുങ്ങിയതോടെ സരിനും, വിഷ്ണുവും രക്ഷയ്ക്കെത്തി. എന്നാൽ ജഗന്നാഥിനെ രക്ഷിക്കാനാവാതെ മൂന്ന് പേരും കടലിൽ മുങ്ങിപ്പോയി. ഇതോടെ ജിഷ്ണുവും, കണ്ണനും കൂടി കടലിൽ ഇറങ്ങി. എന്നാൽ ജിഷ്ണുവും തിരയിൽപെട്ട് മുങ്ങിപ്പോയി. ഇതോടെ കണ്ണൻ കരയിലേക്ക് തിരിച്ച് നീന്തിക്കയറാൻ ശ്രമിച്ചു.

കണ്ണനെ സമീപത്തുണ്ടായിരുന്ന മീൻപിടിത്ത തൊഴിലാളികളാണ് കരയ്ക്കെത്തിച്ചത്. തുടർന്ന് കടലിൽ മീൻപിടിത്തം നടത്തുകയായിരുന്ന വള്ളക്കാരെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അവർ തെരച്ചിലാരംഭിച്ചു.

രക്ഷയ്ക്കായി രണ്ടു കൈകളും വെള്ളത്തിന് മുകളിലേക്കു ഉയർത്തി നിന്ന സരിനെ വള്ളക്കാർ രക്ഷപ്പെടുത്തി. വള്ളക്കാർ എറിഞ്ഞ വലയിൽ വിഷ്ണു പെട്ടെങ്കിലും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചു.

കാണാതായ ജഗന്നാഥിനും, ജിഷ്ണുവിനും വേണ്ടി 50ലേറെ മീൻപിടിത്ത വള്ളങ്ങളിൽ തൊഴിലാളികൾ ഉച്ചവരെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഉച്ചയ്ക്ക് 12ഓടെ കോസ്റ്റ് ഗാർഡിന്റെ ഹെലിക്കോപ്റ്റർ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും കടൽവെള്ളം കലങ്ങിമറിഞ്ഞതിനാൽ ശ്രമം വിജയിച്ചില്ല. ഉച്ചയ്ക്ക് ഒന്നരയോടെ തെരച്ചിൽ നിറുത്തി. ലിജിയാണ് വിഷ്ണുരാജിന്റെ അമ്മ. സഹോദരങ്ങൾ: കൃഷ്ണരാജ്, ശിവരാജ്. വിഷ്ണുരാജിന്റെ മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.