റെയ്ഡ് പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു,ക്വാർട്ടേഴ്സ് ഒഴിയണമെന്ന് രഹ്ന ഫാത്തിമയോട് ബി.എസ്.എൻ.എൽ
കൊച്ചി:സ്വന്തം അർദ്ധനഗ്നമേനിയിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചതിലൂടെ വിവാദനായികയായ രഹ്ന ഫാത്തിമയോട് ക്വാർട്ടേഴ്സ് ഒഴിയാൻ ആവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് റെയ്ഡ് നടത്തിയത് കമ്പനിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നും അതിനാൽ മുപ്പതുദിവസത്തിനുള്ളിൽ ക്വാർട്ടേഴ്സ് ഒഴിയണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.ഈമാസം 25നാണ് കൊച്ചി പനമ്പള്ളി നഗറിലെ രഹ്നയുടെ ക്വാർട്ടേഴ്സിൽ പൊലീസ് റെയ്ഡ് നടത്തിയത്.റെയ്ഡിൽ ബ്രഷ്, പെയിന്റ്, ലാപ്ടോപ്പ് എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു. രഹ്ന മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചിരിക്കുകയാണ്.
നേരത്തേ രഹ്നയെ ബി.എസ്.എൻ.എൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. അതിനാൽ ക്വാർട്ടേഴ്സിൽ താമസിക്കാൻ അർഹതയില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മാസങ്ങളോളം രഹ്നയെ ജോലിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടർന്നായിരുന്നു പിരിച്ചുവിടല്‍ .
ബോഡി ആന്‍ഡ് പൊളിറ്റിക്സ് എന്ന അടിക്കുറിപ്പോടെയാണ് തന്റെ നഗ്നശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വീഡിയോ രഹ്ന യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്.തുടർന്ന് പോക്സോ നിയമപ്രകാരം രഹ്നയ്ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.രഹ്നയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു.