കിഫ്‌ബി കേരളത്തിന് അത്താണി; പിണറായി സർക്കാർ മൂവായിരം പദ്ധതികൾ തുടങ്ങിവയ്ക്കും, 250 കോടിയുടെ പദ്ധതികൾ തീരുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ഈ സർക്കാരിന്റെ കാലയളവിൽ 250 കോടിയുടെ പദ്ധതികൾ തീരുമെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക്. 3000 പദ്ധതികൾ സർക്കാർ തുടങ്ങി വയ്ക്കും. സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് സാദ്ധ്യമല്ല. കിഫ്ബിയിൽ മറ്റ് എല്ലാ സി.എ.ജി പരിശോധനകളും സാദ്ധ്യമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.കിഫ്ബി കേരളത്തിന് അത്താണിയായി മാറുകയാണെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്ത് 2002 കോടിയുടെ വിവിധ പദ്ധതികൾക്ക് അനുമതി നൽകിയതായും അറിയിച്ചു. ആകെ 55 പദ്ധതികൾക്കായാണ് പണം നീക്കിവച്ചത്. അഞ്ച് പാലങ്ങൾക്ക് 207 കോടി രൂപയും 12 റോഡുകൾക്കായി 533 കോടിയുമാണ് നീക്കിവച്ചത്.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, ടൂറിസം തുടങ്ങി വിവിധ രംഗങ്ങളിൽ തുക അനുവദിച്ചിട്ടുണ്ട്. പേരാവൂരിലെയും മലയിൻകീഴിലെയും താലൂക്ക് ആശുപത്രികളുടെ നവീകരണത്തിനായി 37 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.സംസ്ഥാനത്ത് നടപ്പാക്കുന്ന തീരദേശ പാക്കേജിന്റെ ഭാഗമായി മത്സ്യമാർക്കറ്റുകൾ നവീകരിക്കാൻ തീരുമാനമുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി ആറ് മാർക്കറ്റുകൾ നവീകരിക്കാനാണ് പണം നീക്കിവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ടൂറിസം സാംസ്കാരിക മേഖലയിൽ തലശേരി ഹെറിറ്റേജ് പ്രൊജക്ടിന് ആദ്യമായി പണം അനുവദിച്ചു. 41 കോടി രൂപയാണ് നാല് സർക്യൂട്ടുകൾക്കായി അനുവദിച്ചത്. തലശേരി നഗരത്തിൽ വിവിധ കെട്ടിടങ്ങൾ സംരക്ഷിക്കാനും പദ്ധതിയുണ്ട്. പാലക്കാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതിക്കായി 77 കോടി രൂപ നീക്കിവച്ചു. ജില്ലയിൽ കോരയാർ മുതൽ വരട്ടാർ വരെയുള്ള കനാലിന്റെ വികസനത്തിന് 255 കോടി രൂപയും നീക്കിവച്ചു. ജലസേചനത്തിനും കുടിവെള്ളത്തിനും വേണ്ടിയാണ് ഇതെന്നും തോമസ് ഐസക്ക് പറഞ്ഞു.