തടവുകാർക്ക് മാത്രമായി സംസ്ഥാനത്ത് ഇനി ജയിൽ ആശുപത്രി: പദ്ധതി സർക്കാർ പരിഗണനയിൽ

Tuesday 30 June 2020 8:31 PM IST

തിരുവനന്തപുരം: തടവുകാർക്ക് മാത്രമായി സംസ്ഥാനത്ത് ഇനി ജയിൽ ആശുപത്രിയും. ആലപ്പുഴ നൂറനാട്ടാണ് ആശുപത്രി നിർമ്മിക്കുന്നത്. ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. കൊവിഡ് മുൻകരുതലിന്റെ ഭാഗമായി നിലവിൽ ഭൂരിഭാഗം തടവുകാരും പരോളിലാണെങ്കിലും ഇതിന് മുമ്പുവരെ സബ്‌‌ ജയിലുകളിലും ജില്ലാ ജയിലുകളിലും നിന്ന് റിമാൻഡ് തടവുകാരായ രോഗികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി സെൻട്രൽ ജയിലുകളിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരുന്നത്.

രോഗികളായ ശിക്ഷാ പ്രതികൾക്കൊപ്പം ഇവരും കൂടിയാകുമ്പോൾ സെൻട്രൽ ജയിലുകളിലെ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് പ്രത്യേക ആശുപത്രി എന്ന നിർദേശമുണ്ടായത്.

നൂറനാട് ലെപ്രസി സാനിട്ടോറിയം വളപ്പിൽ ജയിൽവകുപ്പിന് വിട്ടുകൊടുത്ത രണ്ടരയേക്കർ സ്ഥലത്ത് 500 കിടക്കകളോടെയുള്ള ആശുപത്രി നിർമ്മിക്കാനാണ് പദ്ധതി. കുഷ്ഠരോഗ ബാധിതരായ തടവുകാരെ പാർപ്പിച്ച് ചികിത്സിക്കാൻ ലെപ്രസി സാനിട്ടോറിയത്തിൽ വർഷങ്ങൾക്ക് മുമ്പ് പണിത ഒരു കെട്ടിടം ഇപ്പോഴും ജയിൽ വകുപ്പിന്റേതായിട്ടുണ്ട്. ഈ കെട്ടിടമുൾപ്പെട്ട സ്ഥലമാണ് ആശുപത്രിയ്ക്കായി കണ്ടെത്തിയത്.

എയ്‌ഡ്സ്, കാൻസർ, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ചവരും മദ്യവും മയക്കുമരുന്നും ലഭിക്കാത്തതിനാൽ ചിത്തഭ്രമം പോലുള്ള മാനസിക വെല്ലുവിളികൾ നേരിടുന്നവരും മനോരോഗികളും തടവുകാരുടെ കൂട്ടത്തിലുണ്ട്. സെൻട്രൽ ജയിലുകളിൽ ആശുപത്രിയും ഡോക്ടർമാരുമുണ്ടെങ്കിലും രാത്രിയിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. അത്യാവശ്യഘട്ടങ്ങളിൽ ജീവരക്ഷയ്ക്കുളള സംവിധാനങ്ങളും നിലവിലില്ല.

തടവുകാർ ഗുരുതരാവസ്ഥയിലായാൽ മെഡിക്കൽ കോളേജുകളെയോ സർക്കാർ ആശുപത്രികളെയോ ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവിൽ. ജയിൽവാർ‌ഡൻമാരുടെ എണ്ണംകുറവായിരിക്കെ ഇവരെ ജയിലിന് പുറത്തുള്ള ആശുപത്രികളിൽ ചികിത്സയ്ക്കായി കൊണ്ടുപോകുന്നത് ഒഴിവാക്കാനും ജയിൽ ആശുപത്രി ഉപകരിക്കും. ജയിൽ ‌ഡി.ജി.പി സർക്കാരിന് സമർപ്പിച്ച ശുപാർശ ധനവകുപ്പിന് കൈമാറിയെന്നാണ് വിവരം. ധനവകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ ആശുപത്രിയുടെ നിർമ്മാണം ആരംഭിക്കും.

തിരു. സെൻട്രൽ ജയിൽ

ശേഷി: 756

കൊവിഡ് നിയന്ത്രണങ്ങൾക്ക് മുമ്പ് തടവുകാരുടെ എണ്ണം: 1800

രോഗികൾ: 343

മറ്ര് സെൻട്രൽ ജയിലുകളിലെ രോഗികൾ: 682

''

തടവുകാർക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനും ജയിൽ സുരക്ഷ ഉറപ്പാക്കാനുമായാണ് ജയിൽ ആശുപത്രിയ്ക്കുള്ള ശുപാർശ സമർപ്പിച്ചത്. ജയിൽ വകുപ്പിന് രണ്ടരയേക്കറോളം സ്ഥലമുണ്ടെങ്കിലും കെട്ടിടം നിർമ്മിക്കുന്നതിനും ജീവനക്കാരെ നിയമിക്കുന്നതിനും സർക്കാർ അനുമതി തേടിയിരിക്കുകയാണ്.

- ജയിൽ ഡി.ഐ.ജി