കണ്ടെയ്‌മെന്റ് സോണിൽ കർശന ലോക്ക് ഡൗൺ
Wednesday 01 July 2020 12:06 AM IST
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്‌മെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിൽ കർശന ലോക്ക് ഡൗൺ തുടരുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സോണിന് പുറത്ത് ഇളവുകൾ പഴയതുപോലെ തുടരും. രാത്രികാല കർഫ്യൂ ഇനി മുതൽ രാത്രി 10നും പുലർച്ചെ 5നും ഇടയിലായിരിക്കും. കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളെല്ലാം കേരളത്തിനും ബാധകമാണെന്ന് ചീഫ് സെക്രട്ടറി ഇന്നലെ ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രോട്ടോക്കോൾ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർമാരും പൊലീസ് മേധാവിമാരും ഉറപ്പുവരുത്തണം. കണ്ടെയ്‌മെന്റ് സോണുകൾ നിശ്ചയിക്കുന്നത് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി ആയിരിക്കും. അധിക നിയന്ത്രണങ്ങൾ ജില്ലാകളക്ടർമാർക്ക് തീരുമാനിക്കാം.രണ്ടാം ഘട്ട അൺ ലോക്ക് ഡൗൺ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനവും ഉത്തരവിറക്കിയത്.