വിധിയുടെ ക്രൂരത, മകൾക്ക് ഫുൾ എപ്ലസ് കിട്ടിയിട്ടും സന്തോഷത്തിന് പകരം നോവനുഭവിക്കുന്ന ഒരമ്മയുണ്ട്, തീരാനൊമ്പരമായി കൃതിക

Wednesday 01 July 2020 9:51 AM IST

ചവറ: കാത്തിരിപ്പുകൾക്കൊടുവിൽ ഇന്നലെയാണ് എസ്.എസ്.എൽ.സി റിസൾട്ട് വന്നത്. മകൾക്ക് ഫുൾ എപ്ലസ് ലഭിച്ചിട്ടും കരയാൻ വിധിക്കപ്പെട്ട ഒരമ്മയുണ്ട്. കൊടുമൺ ഗ്രാമപഞ്ചായത്ത്‌ സീനിയർ ക്ലാർക്ക് ബിന്ദുവാണ് ആ അമ്മ. വിജയമധുരം നുണയാൻ കാക്കാതെ പത്ത് ദിവസം മുമ്പ് തന്റെ പ്രതീക്ഷയായ പൊന്നുമോൾ എന്നന്നേക്കുമായി യാത്രയായിരുന്നു.


ഇന്നലെ റിസൾട്ട് വന്നപ്പോൾ പൊന്നുമോൾ ഇല്ലെന്ന സങ്കടം അമ്മയ്ക്കും അനുജത്തിമാർക്കും തീരാദുഃഖമായി. ചവറ കുളങ്ങരഭാഗം 'ദേവികൃപ'യിൽ പരേതനായ വേലായുധൻ പിള്ളയുടെയും കൊടുമൺ ഗ്രാമപഞ്ചായത്ത്‌ സീനിയർ ക്ലാർക്ക് ബിന്ദുവിന്റെയും മൂത്ത മകൾ കൃതിക.വി. പിള്ളയാണ് പത്തുദിവസം മുമ്പ് കരൾ രോഗം മൂർച്ഛിച്ച് നിര്യാതയായത്.

കൊറ്റൻ കുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. കരൾ മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴേ അതു നൽകാൻ അമ്മ ബിന്ദു സന്നദ്ധയായി.ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ച ദിവസമാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി കൃതിക യാത്രയായത്. നൃത്തം, ചിത്രകല എന്നിവയിലും മിടുക്കിയായിരുന്നു. 8 -ാം ക്ലാസ്‌ വിദ്യാർത്ഥിനി കീർത്തന.വി. പിള്ള, രണ്ടാം ക്ളാസ് വിദ്യാർത്ഥിനി കൃപ.വി. പിള്ള എന്നിവരാണ് സഹോദരിമാർ.