പലിശഭാരം വീണ്ടും കുറച്ച് ധനലക്ഷ്‌മി ബാങ്ക്

Thursday 02 July 2020 3:40 AM IST

 വായ്‌പാ പലിശ കുറയ്ക്കുന്നത് തുടർച്ചയായി 5-ാം തവണ

തൃശൂർ: ധനലക്ഷ്‌മി ബാങ്ക് റിപ്പോ അധിഷ്‌ഠിത വായ്‌പകളുടെ (റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്ര് - ആർ.എൽ.എൽ.ആർ)​ പലിശനിരക്ക് 7.40 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി കുറച്ചു. പുതിയ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വരും. ഭവന വായ്‌പ,​ കാർ വായ്പ,​ ടൂവീലർ വായ്‌പ എന്നിവയുടെ പലിശയാണ് കുറയുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതൽ തുടർച്ചയായ അഞ്ചാം തവണയാണ് ധനലക്ഷ്‌മി ബാങ്ക് പലിശഭാരം താഴ്‌ത്തിയത്.

മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്ര് (എം.സി.എൽ.ആർ)​ അധിഷ്‌ഠിതമായ വായ്‌പകളുടെ പലിശ ജൂലായ് ഒന്നിന് പ്രാബല്യത്തിൽ വന്നവിധം 0.05 ശതമാനവും കുറച്ചിട്ടുണ്ട്. ഇതുപ്രകാരം,​ ആറുമാസം മുതൽ ഒരുവർഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്‌പകളുടെ പുതുക്കിയ പലിശ 9 ശതമാനമാണ്. നേരത്തെയിത്,​ 9.05 ശതമാനമായിരുന്നു. മൂന്നു മുതൽ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്‌പകളുടെ പലിശ 8.95 ശതമാനത്തിൽ നിന്ന് 8.90 ശതമാനയും കുറച്ചു.