സമുദ്രോത്പന്ന ലഭ്യതയിൽ കേരളത്തിന് 3-ാം സ്ഥാനം

Thursday 02 July 2020 3:58 AM IST

കൊച്ചി: കഴിഞ്ഞവർഷം ഇന്ത്യയിൽ ഏറ്റവുമധികം മത്സ്യലഭ്യത ഉറപ്പാക്കിയ സംസ്ഥാനങ്ങളിൽ മൂന്നാംസ്ഥാനം നിലനിറുത്തി കേരളം. 15.4 ശതമാനം ഇടിവോടെ 5.44 ലക്ഷം ടണ്ണായിരുന്നു കേരളത്തിന്റെ ഉത്‌പാദനമെങ്കിലും സ്ഥാനചലനം ഉണ്ടായില്ല. മത്തിയുടെയും അയലയുടെയും ലഭ്യത കുറഞ്ഞത് 2019ൽ കേരളത്തിന് തിരിച്ചടിയായി.

മത്തിയുടെ ലഭ്യത 2018ലെ 77,093 ടണ്ണിൽ നിന്ന് 44,320 ടണ്ണായി കുറഞ്ഞുവെന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്‌‌റ്റിറ്റ്യൂട്ടിന്റെ (സി.എം.എഫ്.ആർ.ഐ) റിപ്പോർട്ട് വ്യക്തമാക്കി. 40,554 ടൺ അയലയാണ് 2019ൽ കിട്ടിയത്; ഇടിവ് 50 ശതമാനം. 2012ൽ കേരളത്തിൽ 3.9 ലക്ഷം ടൺ മത്തി കിട്ടിയിരുന്നു. തുടർന്ന്, 2017ലൊഴികെ എല്ലാ വർഷവും കനത്ത ഇടിവാണ് ഉണ്ടായത്. സമുദ്ര മേഖലയിലെ പാരിസ്ഥിതിക മാറ്റങ്ങളാണ് തിരിച്ചടിയായത്.

തമിഴ്‌നാട് No.1

ഗുജറാത്തിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി കഴിഞ്ഞവർഷം മത്സ്യലഭ്യതയിൽ ഒന്നാംസ്ഥാനം തമിഴ്നാട് നേടി. 7.75 ലക്ഷം ടണ്ണാണ് തമിഴ്‌നാടിന്റെ ലഭ്യത. ഗുജറാത്തിന് 7.49 ലക്ഷം ടൺ.

ചോപ്പുപല്ലൻ

ആഭ്യന്തര വിപണിയിൽ വലിയ പ്രിയമില്ലാത്ത റെഡ് ടൂത്ത്ഡ് ട്രിഗർ ഫിഷ് ആണ് കഴിഞ്ഞവർഷം ഇന്ത്യയിൽ ഏറ്റവുമധികം ലഭിച്ചത്; 2.74 ലക്ഷം ടൺ. മലയാളികൾ ഇതിനെ ചോപ്പുപല്ലൻ, വാളൻകരട്ടി, ക്ളാത്തി എന്നൊക്കെയാണ് വിളിക്കുന്നത്.

നേട്ടം കൊയ്‌തവർ

(കഴിഞ്ഞവർഷം മത്സ്യ ലഭ്യതയിൽ വർദ്ധന കുറിച്ചവ)

ബംഗാൾ : 55%

ആന്ധ്രപ്രദേശ് : 34%

ഒഡീഷ : 14.5%

കർണാടക : 11%

തമിഴ്‌നാട് : 10.4%

നഷ്‌ടം രുചിച്ചവർ

മഹാരാഷ്‌ട്ര : 32%

ഗോവ : 44%

കേരളം : 15.4%

2.1%

കഴിഞ്ഞവർഷം രാജ്യത്തെ മൊത്തം മത്സ്യലഭ്യത 2.1 ശതമാനം ഉയർന്ന് 35.6 ലക്ഷം ടണ്ണായി.

വില കൂടി

രാജ്യത്തെ മൊത്തമത്സ്യ ശേഖരണ കേന്ദ്രങ്ങളിൽ കഴിഞ്ഞവർഷം 15.6 ശതമാനം വർദ്ധനയോടെ 68,881 കോടി രൂപയുടെ മീനുകളെത്തി. 170.5 രൂപയായിരുന്നു കിലോയ്ക്ക് ശരാശരി വില. വർദ്ധന 12.2%.

₹92,356 കോടി

ചില്ലറ വിപണികളിലേക്കെത്തിയ മൊത്തം മത്സ്യമൂല്യം 15 ശതമാനം ഉയർന്ന് 92,356 കോടി രൂപയാണ്. ശരാശരി കിലോ വില 12 ശതമാനം ഉയർന്ന് 258.7 രൂപയായി.

''ഏപ്രിലിലെ ഫാനി മുതൽ ഒക്‌ടോബർ-നവംബറിലെ ബുൾ-ബുൾ വരെയുള്ള എട്ട് ചുഴലിക്കാറ്റുകൾ മത്സ്യലഭ്യതയെ ബാധിച്ചു. പടിഞ്ഞാറൻ തീരങ്ങളിലാണ് കൂടുതൽ തിരിച്ചടിയുണ്ടായത്"",

ഡോ.എ. ഗോപാലകൃഷ്‌ണൻ,

ഡയറക്‌ടർ, സി.എം.എഫ്.ആർ.ഐ