സംസ്ഥാനത്തെ ട്രെയിൻ യാത്രക്കാർക്ക്തിരിച്ചു നൽകിയത് 16. 45 കോടി

Thursday 02 July 2020 12:00 AM IST

കോഴിക്കോട്: ലോക്ക് ഡൗൺ വേളയിലെ ഉദാര റീഫണ്ട് നയത്തിലൂടെ റെയിൽവേ സംസ്ഥാനത്തെ യാത്രക്കാർക്ക് തിരിച്ചു നൽകിയത് 16.45 കോടി രൂപ. തിരുവനന്തപുരം ഡിവിഷനിൽ 11. 20 കോടിയും പാലക്കാട് ഡിവിഷനിൽ 5. 25 കോടിയും മടക്കിനൽകിയതായി റെയിൽവേ അറിയിച്ചു.

ദക്ഷിണ റെയിൽവേ എട്ട് ലക്ഷം യാത്രക്കാർക്കായി 44.5 കോടി രൂപ തിരിച്ച് നൽകി. ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്ക് ട്രെയിനുകൾ റദ്ദാക്കിയതിന് പിന്നാലെ ഐ.ആർ.സി.ടി.സി വഴിയാണ് തുക ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്തത്. മാർച്ച് 24ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ കാരണം ലക്ഷക്കണക്കിനാളുകളുടെ യാത്രയാണ് മുടങ്ങിയത്. സ്റ്റേഷനുകൾ അടഞ്ഞു കിടന്നത് കാരണം ടിക്കറ്റ് കാൻസൽ ചെയ്യാനുമായില്ല. ലോക്ക് ഡൗൺ കാലത്ത് റിസർവ് ചെയ്ത ടിക്കറ്റിന്റെ മുഴുവൻ തുകയും തിരിച്ച് നൽകാൻ ആറു മാസം കാലാവധി നിശ്ചയിച്ചു.ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ മേയ് 22 മുതൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് സ്റ്റേഷനുകളിൽ റീ ഫണ്ട് കൗണ്ടറുകൾ തുറന്നു.