ആരോഗ്യ യൂണി. പി.വി.സി നിയമനം അവതാളത്തിൽ

Thursday 02 July 2020 12:26 AM IST

തിരുവനന്തപുരം: അലോപ്പതി, ആയുർവേദ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ആരോഗ്യസർവകലാശാലാ പ്രോ വൈസ്ചാൻസലർ നിയമനം അവതാളത്തിലായി.

വൈസ്ചാൻസലറുമായി കൂടിയാലോചിച്ച് പ്രോ വൈസ്ചാൻസലറെ ഗവർണർക്ക് നിയമിക്കാമെന്നാണ് ആരോഗ്യസർവകലാശാലാ ചട്ടം. സർവകലാശാലയുടെ തുടക്കം മുതൽ വൈസ്ചാൻസലർ പദവി അലോപ്പതിക്കും പി.വി.സി പദവി ആയുർവേദത്തിനും നൽകിവരികയാണ്. മേയ് ഏഴിന് ഡോ. നളിനാക്ഷൻ വിരമിച്ചു. മൂന്ന് ദിവസത്തിനകം, അലോപ്പതി ഡോക്ടറായ പരീക്ഷാകൺട്രോളർ സി.പി.വിജയനെ പി.വി.സിയാക്കണമെന്ന് വൈസ്ചാൻസലർ ഗവർണർക്ക് ശുപാർശ നൽകി. പി.വി.സിയായി പരിഗണിക്കുന്നതിന് ലഭിച്ച നിരവധി അപേക്ഷകൾ രാജ്ഭവനിലേക്ക് കൈമാറുകയും ചെയ്തു. ഇതോടെ,

മുൻ പി.വി.സിമാരായ ഡോ.രത്നാകരൻ, ഡോ.എ.നളിനാക്ഷൻ എന്നിവർ ആയുർവേദ പ്രൊഫസർമാരായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ആയുർവേദ ഡോക്ടർമാർ രംഗത്തെത്തി. തർക്കം കാരണം, തീരുമാനമെടുക്കാതെ ഗവർണർ ഫയൽ മാറ്റിവച്ചു. പരീക്ഷാ കൺട്രോളർക്ക് പി.വി.സിയുടെ അധികച്ചുമതല നൽകിയിരിക്കുകയാണ്.

തർക്കം മുറുകിയതോടെ, യു.ജി.സി മാനദണ്ഡ പ്രകാരം പി.വി.സി നിയമനം നടത്തിക്കൂടേയെന്ന് ഗവർണർ സർക്കാരിനോട് ആരാഞ്ഞു. ഇതനുസരിച്ച്, സിൻഡിക്കേറ്റാണ് പി.വി.സിയെ നിയമിക്കേണ്ടത്. എന്നാൽ ആരോഗ്യ സർവകലാശാലയ്ക്ക് യു.ജി.സി ചട്ടങ്ങൾ ബാധകമല്ല. മെഡിക്കൽ- ഡെന്റൽ- ഫാർമസി, ഹോമിയോ- നഴ്സിംഗ് കൗൺസിലുകളുടെയും ആയുഷിന്റെയും നിയന്ത്രണത്തിലാണ് സർവകലാശാല. ശമ്പളത്തിനും ചെലവിനും മറ്റ് സർവകലാശാലകൾക്ക് ലഭിക്കുന്ന യു.ജി.സി ഗ്രാന്റ് ആരോഗ്യ സർവകലാശാലയ്ക്കില്ല. യു.ജി.സി മാനദണ്ഡ പ്രകാരമുള്ള പി.വി.സി നിയമനത്തിന് സർവകലാശാലയുടെ ആക്ട് ഭേദഗതി ചെയ്യണം.

ഗവർണറുടെ ഇടപെടലുകൾ

2019

തൃശൂർ ജൂബിലിയിലെ പ്രൊഫസർ പ്രവീൺലാലിനെ വി.സിയാക്കണമെന്ന സർക്കാരിന്റെ ശുപാർശ തള്ളി, ഡോ.മോഹനൻ കുന്നുമ്മലിനെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വൈസ്ചാൻസലറാക്കി.

2015

സർക്കാർ നിർദ്ദേശിച്ച, തൃശൂർ സ്വകാര്യമെഡിക്കൽ കോളേജിലെ റീഡറെ തള്ളി, 2015ൽ ഡോ.എ.നളിനാക്ഷനെ ഗവർണർ പി.സദാശിവം പി.വി.സിയാക്കി.

2014

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഡോക്ടർ അടക്കമുള്ളവരെ തഴഞ്ഞ്, അക്കാഡമിക് വിദഗ്ദ്ധൻ എം.കെ.സി.നായരെ ഗവർണർ പി.സദാശിവം വൈസ്ചാൻസലറാക്കി.