സ്ത്രീകൾക്ക് പിണറായിയോടുള്ള അകൽച്ച മാറി; ജോസിന്റെയും തന്റെയും ഭാവി പ്രവചിച്ച് പി.സി ജോർജ്

Thursday 02 July 2020 1:07 PM IST

തിരുവനന്തപുരം: കൊവിഡാനന്തരം കേരള രാഷ്ട്രീയം കലങ്ങിമറിയുമെന്നിരിക്കെ ഒരു മുന്നണിയുടെയും ഭാഗമാകാതെ സംസ്ഥാന രാഷ്ട്രീയത്തിൽ ഒറ്റയാനായി നിൽക്കുന്ന പി.സി ജോർജ് വരുംകാല രാഷ്ട്രീയം കേരളകൗമുദി ഓൺലൈനിനോട് പ്രവചിക്കുന്നു. കൊവിഡ് കാലം കഴിഞ്ഞാൽ ഉടൻ രാഷ്ട്രീയ നേതാക്കന്മാർ‌ക്ക് ചങ്കിടിക്കും കാലമാണ് വരാൻ പോകുന്നത്. ഒക്‌ടോബറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭ തിരഞ്ഞെടുപ്പിനും കാഹളം മുഴങ്ങും. ഭാവി രാഷ്ട്രീയം പ്രവചിക്കാനാകാതെ രാഷ്ട്രിയ നേതാക്കന്മാർ നെട്ടോട്ടം ഓടവെ പി.സി ജോർജ് എം.എൽ.എ കേരളകൗമുദി ഓൺലൈനിനോട് ഭാവി രാഷ്ട്രീയം പ്രവചിക്കുന്നു.

യു.ഡി.എഫിൽ നിന്ന് വേർപെട്ട് നിൽക്കുന്ന ജോസ് കെ മാണിയുടെ ഭാവിയെന്താണ് ?

അവന്റെ കാര്യം കട്ടപൊകയാണ്. ജോസ് കെ മാണിയെ സ്വീകരിക്കാൻ ഇടതുപക്ഷത്തിന് കഴിയില്ല. എൻ.ഡി.എയുടെ കൂടെ പോയാൽ മദ്ധ്യതിരുവിതാംകൂർ മേഖലയിൽ ജോസിന് യാതൊരു ചലനവും ഉണ്ടാക്കാനാവില്ല. എങ്ങനെയെങ്കിലും കാലുപിടിച്ച് യു.ഡി.എഫിലേക്ക് തിരികെ വരുന്നതായിരിക്കും ജോസിന് ലാഭം. അല്ലെങ്കിൽ ജോസിന്റെയും പാർട്ടിയുടെയും കാര്യം ഗതികേടിലാകും.

ജോസ് കെ മാണിയെ മുന്നണിയിൽ നിന്ന് പുറത്താക്കിയത് യു.ഡി.എഫിന്റെ നാടകമാണോ?

ഇത് നാടകമൊന്നുമല്ല. ജോസ് കെ മാണിയുടെ വിവരക്കേടാണ്. അവന് പക്വത വന്നിട്ടില്ല. അല്ലെങ്കിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും ബെന്നിബഹന്നാനും ഉൾപ്പെടെയുള്ള യു.ഡി.എഫിലെ നേതാക്കൾ പറയുന്ന ധാരണ കളവാണെന്ന് അയാൾ പറയുമോ? രാഷ്ട്രീയത്തിൽ സാമാന്യ വിവരമുള്ളവർ ചെയ്യാത്ത കാര്യങ്ങളാണ് ജോസ് കെ മാണി ഇപ്പോൾ ചെയ്‌തു കൊണ്ടിരിക്കുന്നത്.

ജോസ് യു.ഡി.എഫിലേക്ക് തിരിച്ചു വന്നാലും ശക്തിയുള്ള കേരള കോൺഗ്രസ് പി.ജെ ജോസഫിന്റേതായിരിക്കില്ലേ? തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലടക്കം അത് വലിയ അടിയുണ്ടാക്കില്ലേ ?

പി.ജെ ജോസഫിന്റേതാണ് ശക്തിയുള്ള കേരള കോൺഗ്രസ് എന്ന അഭിപ്രായം എനിക്കില്ല. നിലവിൽ മൊത്തം ഒമ്പത് കേരള കോൺഗ്രസുകളുണ്ട്. ഇതെല്ലാം കൂടിയാലും പഴയ കേരള കോൺഗ്രസിന്റെ ശക്തി വരില്ല. നിലവിലെ സാഹചര്യത്തിൽ എല്ലാ കേരള കോൺഗ്രസുകളും ഒന്നിച്ചു നിൽക്കേണ്ട സാഹചര്യമാണ് ഉണ്ടാകേണ്ടത്.

പി.ജെ ജോസഫ് തന്റെ പാർട്ടിയിലേക്ക് പല നേതാക്കന്മാരേയും മാടി വിളിക്കുന്നുണ്ട്. അങ്ങനെയൊരു വിളി താങ്കൾക്ക് വന്നിട്ടുണ്ടോ?

ജോസഫിന്റെ കൂടെ എന്നെ മാടി വിളിക്കാൻ യോഗ്യരായ ആരുമില്ല. 1965ൽ പള്ളിക്കുടത്തിൽ പഠിക്കുന്ന കാലത്ത് വള്ളി നിക്കറുമിട്ട് കേരള കോൺഗ്രസിൽ വന്നവനാണ് ഞാൻ. പി.ജെ ജോസഫ് 1969ൽ വേറെ പാർട്ടി വിട്ട് കേരള കോൺഗ്രസിൽ ചേർന്നതാണ്. ഒരു പാർട്ടിയുടെ ചെയർമാനായിരുന്ന ജോണി നെല്ലൂർ പാർട്ടി വിട്ട് ജോസഫിന്റെ കൂടെ പോയിട്ട് ഇപ്പോൾ എന്താണ് ഗതിയെന്ന് എല്ലാവർക്കും അറിയാം. ഇടതുമുന്നണിയുടെ ഏകോപന സമിതിയിലുണ്ടായിരുന്ന ഫ്രാൻസിസ് ജോർജും വലിയ മണ്ടത്തരമാണ് ചെയ്‌തത്. ജോസഫിന്റെ കൂടെ പോകുന്ന ആർക്കും ലാഭം കിട്ടാൻ പോകുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയന് പൊതുസമൂഹത്തിൽ നല്ലൊരു ഇമേജുണ്ട്. ആ ഇമേജ് തുടർഭരണത്തിലേക്ക് വഴിതെളിക്കുമോ?

മുമ്പൊക്കെ പിണറായി സഖാവിനോട് സ്ത്രീകൾക്കെല്ലാം പുച്ഛമായിരുന്നു. ഒരു ബഹുമാനവും ആദരവും അദ്ദേഹത്തിന് അവർ കൊടുത്തിരുന്നില്ല. എന്നാൽ ദിവസവുമുള്ള ആറ് മണി പത്രസമ്മേളനം ഇതെല്ലാം മാറ്റിമറിച്ചു. സത്യം സത്യമായി കൃത്യമായ കണക്കുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹം വിശദീകരിക്കുന്നത്. പത്രസമ്മേളനം കൂടുതലും കണ്ടിരിക്കുന്നത് വീട്ടിലിരിക്കുന്ന സ്ത്രീകളാണ്. അവരുടെ മനസിലുള്ള അകൽച്ച ഇപ്പോൾ മാറി. അദ്ദേഹത്തിനും സർക്കാരിനും പത്രസമ്മേളനങ്ങൾ വലിയ വിശ്വാസ്യതയാണ് നേടികൊടുത്തത്. എന്നാൽ വാർത്താസമ്മേളനം മാത്രമായിരിക്കില്ല കേരള രാഷ്ട്രീയം തീരുമാനിക്കുന്നത്.

യു.ഡി.എഫ് അധികാരം പിടിക്കാനുള്ള സാദ്ധ്യതയുണ്ടോ ?

കേരളത്തിലെ ന്യൂനപക്ഷത്തെ ഒപ്പം നിർത്താനായാൽ പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വരും എന്നതിൽ യാതൊരു സംശയവുമില്ല. അല്ലെങ്കിൽ ഭരണം കോൺഗ്രസിന്റെ കൈകളിലേക്ക് തന്നെയെത്തും. കോൺഗ്രസ് ഇപ്പോൾ നിർജീവമാണെങ്കിൽ പോലും പ്രവർത്തകരെല്ലാം കോൺഗ്രസിൽ തന്നെയുണ്ട്. അവരാരും എൽ.ഡി.എഫിലേക്ക് പോയിട്ടില്ല.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി കസേര രമേശ് ചെന്നിത്തലയ്ക്ക് തന്നെ ലഭിക്കുമോ?

അത് തള്ളികളയാനാവില്ല. രമേശ് ചെന്നിത്തലയ്ക്ക് കഴിവില്ലെന്ന് മനപൂർവ്വം വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. 1980 മുതൽ കേരള നിയമസഭയിൽ ഇരിക്കുന്ന ഒരാളാണ് ഞാൻ. എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട പ്രതിപക്ഷനേതാവ് കെ.കരുണാകരനായിരുന്നു. അതു കഴിഞ്ഞാൽ കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ് ചെന്നിത്തലയാണെന്നാണ് എന്റെ അഭിപ്രായം. സഭയ്ക്കകത്ത് രമേശ് മിടുക്കനാണ്. എന്നാൽ സഭയ്ക്ക് പുറത്ത് അത് പറയാനാകില്ല.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായാൽ ഉമ്മൻചാണ്ടിയുടെ സ്ഥാനം എവിടെയായിരിക്കും? ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനെ പോലെ മറ്റൊരു പദവി കണ്ടെത്തേണ്ടി വരുമോ?

ജനസ്വാധീനമുള്ള രാഷ്ട്രിയ നേതാവാണ് ഉമ്മൻചാണ്ടി. കോൺഗ്രസിന് പുറത്തും നിഷ്‌പക്ഷമായി ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. ഉമ്മൻചാണ്ടിയുടെ കാര്യമൊക്കെ എ.ഐ.സി.സി തീരുമാനിക്കും. അദ്ദേഹം എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണല്ലോ.

പാലയിൽ 2021ലെ ഫലമെന്താവും ?

പാലായിലെ അടുത്ത തിരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് ഞാൻ തീരുമാനിക്കും. ഇത് അഹങ്കാരം കൊണ്ട് പറയുന്നതല്ല. കഴിഞ്ഞ തവണ മാണി സി കാപ്പൻ എന്റെ പിന്തുണ കൂടി കിട്ടിയതു കൊണ്ടാണ് ജയിച്ചത്. മണ്ഡല പുനർനിർണയ സമയത്ത് എന്റെ ശക്തികേന്ദ്രങ്ങളായ ആറ് പഞ്ചായത്തുകളാണ് പാലായിലേക്ക് പോയത്. ഞാൻ പിന്തുണയ്ക്കുന്നവരെ പാലായിൽ ജയിക്കുകയുള്ളൂ.

ബി.ജെ.പിക്ക് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും സാദ്ധ്യതകളുണ്ടോ ?

ബി.ജെ.പി കേരളത്തിൽ ഒരു കാലത്തും വരാൻ പോകുന്നില്ല. ബി.ജെ.പിക്ക് കേരളം പിടിക്കാമെന്നത് നടക്കാത്ത കാര്യമാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിലോ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കിടയിലോ ആ പാർട്ടിക്ക് യാതൊരു സ്വാധീനവുമില്ല. ബി.ജെ.പിയുടെ ഒരു അജണ്ടയും കേരളത്തിൽ ചെലവാകാൻ പോകുന്നില്ല.

അടുത്ത തിരഞ്ഞെടുപ്പിൽ പി.സി ജോർജ് ഒറ്റയ്ക്കായിരിക്കുമോ, അതോ ഏതെങ്കിലും മുന്നണിയുടോ ഭാഗം ആയിരിക്കുമോ?

ഞാൻ ഒറ്റയ്ക്ക് തന്നെ പൂഞ്ഞാറിൽ മത്സരിക്കും. കഴിഞ്ഞ തവണ സീറ്റ് നൽകാമെന്ന് പറഞ്ഞ ശേഷം അവസാന നിമിഷമാണ് എൽ.ഡി.എഫ് എന്നെ വഞ്ചിച്ചത്. ഞാൻ സ്വതന്ത്രനായതു കൊണ്ട് എന്റെ ചിഹ്നം താഴെ പോകാൻ മത്സരിച്ചാണ് സ്വതന്ത്ര സ്ഥാനാർത്ഥികളെ രാഷ്ട്രീയ പാർട്ടികൾ നിർത്തിയത്. അവസാനം മത്സരിച്ച പതിനേഴ് സ്ഥാനാർത്ഥികളിൽ 15 പേർക്കും കെട്ടിവച്ച കാശ് പോലും കിട്ടിയില്ല. പൂഞ്ഞാറിലെ ജനങ്ങൾ എന്റെ കൂടെയാണ്.

ഷോൺ ജോർജ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ?

അത് അവനോട് തന്നെ ചോദിക്കണം. അവൻ പ്രായപൂർത്തിയായതാണ്. അവന്റെ കാര്യം അവൻ തീരുമാനിക്കട്ടെ. അവന്റെ കാര്യത്തിൽ ഞാൻ അഭിപ്രായം പറയുന്നത് മര്യാദയല്ല.