ധാരണ നടപ്പാക്കിയാൽ ജോസിന് തിരികെ വരാം; യുഡിഎഫിൽ തുടരാനുള്ള അർഹത തെളിയിക്കേണ്ടത് ജോസ് വിഭാഗമാണെന്ന് ബെന്നി ബഹനാൻ
കൊച്ചി: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ധാരണ നടപ്പിലാക്കിയാൽ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് മുന്നണിയിലേക്ക് തിരിച്ചുവരാമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. കരാർ പാലിക്കാത്ത സാഹചര്യത്തിൽ അവർക്ക് യുഡിഎഫിൽ തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുന്നു. അർഹതയുണ്ടെന്ന് തെളിയിക്കേണ്ടത് അവരാണ്. കരാർ നടപ്പിലാക്കിയാൽ അവരെ തിരിച്ചെടുക്കുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ല. ഇക്കാര്യം പി.ജെ.ജോസഫ് ഉൾപ്പെടെ വ്യക്തമാക്കിയതാണെന്നും ബെന്നിബഹനാൻ പറഞ്ഞു.
ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയതല്ലെന്നും മാറ്റിനിർത്തുകയാണ് ചെയ്തിരിക്കുന്നതെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളത്തിൽ അദ്ദേഹം വ്യക്തമാക്കി. കെ.എം മാണിയെ യുഡിഎഫ് അറുത്തുമാറ്റിയിട്ടില്ലെന്നും അദ്ദേഹത്തെ അന്നും ഇന്നും ബഹുമാനത്തോടെയാണ് കാണുന്നതെന്നും ബെന്നി ബഹനാൻ കൂട്ടിച്ചേർത്തു. അദ്ദേഹം യുഡിഎഫിന്റെ സ്ഥാപകനേതാക്കളിൽ ഒരാളാണ്. ഇടതുപക്ഷത്തിന് എതിരായ രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേത്. മാണിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് എൽഡിഎഫാണെന്നും ബെന്നി ബഹനാൻ പറഞ്ഞു.