തെരുവ് മൃഗങ്ങളുടെ പോറ്റമ്മയായി സചിത്ര, വീട്ടിലുളളത് 30 പൂച്ചകളും 13 നായ്ക്കളും

Thursday 02 July 2020 5:21 PM IST

കൊച്ചി: തെരുവ് നായ്ക്കളുടെ പോറ്റമ്മയായ സചിത്രയുടെ വീടുനിറയെ പട്ടിയും പൂച്ചകളുമാണ്. തെരുവിൽ കഴിഞ്ഞിരുന്ന അനാഥ മൃഗങ്ങളെ സ്വന്തം മക്കളെ പോലെയാണ് സുചിത്ര പരിപാലിക്കുന്നത്. അപകടത്തിൽ പെട്ടതും അവശത അനുഭവിക്കുന്നതുമായ തെരുവ് നായ്ക്കളെയും പൂച്ചകളെയും സംരക്ഷിച്ച്, വളർത്തി സുഖപ്പെടുത്തി തെരുവിലേക്ക് തിരിച്ചയക്കുകയോ വളർത്താൻ താല്പര്യമുള്ളവർക്ക് നൽകുകയോ ചെയ്യും. തിരുവനന്തപുരം കിളിമാനൂർ സ്വദേശിനിയാണ് സചിത്ര. ചെറുപ്പംമുതലേ പിതാവ് സോമന്റെയും മാതാവ് സത്യഭാമയുടേയും മൃഗങ്ങളോടുള്ള സ്നേഹം കണ്ടാണ് സചിത്ര വളർന്നത്.

പിതാവ് സോമൻ തെരുവിൽ ഭക്ഷണമില്ലാതെ അലയുന്ന നായ്ക്കളെ വീട്ടിൽ കൊണ്ടുവന്ന് സംരക്ഷിക്കുന്നത് സചിത്രയുടെ വീട്ടിലെ സ്ഥിരം കാഴ്ച്ചയാണ്. വിവാഹശേഷം സചിത്ര ഭർത്താവ് ദിനേശ് മഞ്ചുവാനിയുമായി മുംബയിലായിലായിരുന്നു താമസം. ബ്യൂട്ടി പ്രൊഡക്ട് സെയിൽസ് ചെയ്യുന്ന സചിത്ര ജോലി സംബന്ധമായി നാല് വർഷം മുന്നേയാണ് കൊച്ചിയിലെത്തിയത്. ഒരിക്കൽ സുഹ‌ൃത്തുക്കളുമായി തൃശൂർ പൂരം കാണാൻ പോയപ്പോൾ വഴിയരികിൽ അവശയായ ഒരു പൂച്ചയെ കാണാനിടയായി. അതിനെ പരിചരിച്ച് വീട്ടിലേയ്ക്ക് കൂടെ കൂട്ടി. വളർന്നപ്പോൾ വളർത്താൻ സന്നദ്ധത അറിയിച്ച ഒരു സുഹൃത്തിന് പൂച്ചയെ കൈമാറി. പിന്നീട് ഈ പതിവ് തുടർന്നു. നഗരത്തിൽ ദുരിതം അനുഭവിക്കുന്ന നായ്ക്കളും പൂച്ചകളുമായി വീട് നിറഞ്ഞു.

ഇടപ്പള്ളി പൂക്കാട്ട്പടിയിലെ വാടക വീട്ടിൽ ഇപ്പോൾ 30 പൂച്ചകളും, 12 നായ്ക്കളുമാണുള്ളത്. സചിത്ര ലോക്ക്ഡൗണിൽ തെരുവുകളിൽ കഴിയുന്ന മൃഗങ്ങൾക്ക് ഭക്ഷണം എത്തിച്ച് നൽകിയിരുന്നു. നായ്ക്കളെ വളർത്തുന്നു എന്ന അയൽവാസികളുടെ പരാതിയെ തുടർന്ന് ഏഴ് തവണ സചിത്രയ്ക്ക വീട് മാറേണ്ടി വന്നിട്ടുണ്ട്.