കോന്നിയിലെ വനംകൊള്ള : തടിമിൽ ഉടമ അറസ്റ്റിൽ
പത്തനംതിട്ട: കോന്നി വനം ഡിവിഷനിൽ നിന്ന് ലക്ഷങ്ങൾ വിലപിടിപ്പുള്ള തേക്ക് തടികൾ വെട്ടിക്കടത്തിയ കേസിൽ കൊല്ലം ചന്ദനത്തോപ്പിലെ തടിമിൽ ഉടമ ഷാജഹാനെ (56) വനംവകുപ്പിന്റെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഷാ ഇൻഡസ്ട്രീസ് എന്ന പേരിൽ ഇയാൾ നടത്തുന്ന തടിമില്ലിൽ നിന്ന് തടികളുടെ കഷണങ്ങൾ കണ്ടെടുത്തിരുന്നു. പ്രതിയെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം തടിമില്ലിൽ നിന്നാണ് പാടം ഡെപ്യൂട്ടി റേഞ്ച് ഒാഫീസർ അനിൽബേബിയുടെ നേതൃത്വത്തിൽ വനപാലകർ കസ്റ്റഡിയിൽ എടുത്തത്.
കേസിൽ നേരത്തെ അറസ്റ്റിലായ കൊക്കാത്തോട് താന്നിമൂട്ടിൽ ഷമീർ (30), പുത്തൻവീട്ടിൽ അൻവർഷ (25), തോണ്ടൻവേലിൽ ജ്യോതിഷ് കുമാർ (22) എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോഴാണ് തടിമിൽ ഉടമയുടെ പങ്ക് തെളിഞ്ഞത്. നാല് തവണയായി തടികൾ ചന്ദനത്തോപ്പിലെ മില്ലിൽ എത്തിച്ചുവെന്നും നാല് ലക്ഷം രൂപ കൈപ്പറ്റിയെന്നും യുവാക്കൾ മൊഴി നൽകിയിരുന്നു. തടി കടത്തിൽ മില്ലുടമയ്ക്കുള്ള പങ്ക് തെളിഞ്ഞിട്ടുണ്ട്.
വനംകൊള്ളയിൽ അറസ്റ്റിലായ പ്രതികളും ചില വനപാലകരുമായുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ കോന്നിയിലെ ക്വാർട്ടേഴ്സിൽ പ്രതികളും ചില വനപാലകരും ഒത്തു ചേരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു.