ഇ-മൊബിലിറ്റി: മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യം- മുല്ലപ്പള്ളി
തിരുവനന്തപുരം: ഇ- മൊബിലിറ്റി പദ്ധതിക്ക് കേരള സർക്കാരുമായി ധാരണപത്രം ഒപ്പിട്ടെന്ന് സ്വിസ് കമ്പനിയായ ഹെസ് അവരുടെ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തുമ്പോൾ ,അത് നിഷേധിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.
ഇങ്ങനെയൊരു ധാരണപത്രമുണ്ടോയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. ഇലക്ട്രിക് ബസ് പദ്ധതിക്കായി 2019 ജൂൺ 29ന് ധാരണാപത്രം ഒപ്പിട്ടെന്നാണ് ഹെസിന്റെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നത്. ഗതാഗത സെക്രട്ടറിയുടെ ചിത്രവും വെബ്‌സൈറ്റിലുണ്ട്.
അടിമുടി ദുരൂഹത നിറഞ്ഞതാണ് ഇ-മൊബിലിറ്റി കരാർ. 4500 മുതൽ 6000 കോടി വരെ ചെലവ് വരുന്ന 3000 ബസ്സുകൾ നിർമ്മിക്കാനുള്ള പദ്ധതിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ധനകാര്യ വകുപ്പും ചീഫ് സെക്രട്ടറിയും രംഗത്ത് വന്നിരുന്നു. ഹെസ് കമ്പനിയെ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തതെന്നത് ദുരൂഹമാണ്. ആഗോള ടെൻഡർ വിളിച്ചിട്ടില്ല. ഇടപാടിനെക്കുറിച്ച് ഗതാഗതമന്ത്രിക്ക് ഒരറിവുമില്ല. ബന്ധപ്പെട്ട വകുപ്പുകളെയെല്ലാം നോക്കുകുത്തിയാക്കിയാണ് മുഖ്യമന്ത്രി ഏകപക്ഷീയമായി പദ്ധതിയുമായി മുന്നോട്ട് പോകുന്നത്- മുല്ലപ്പള്ളി പറഞ്ഞു.