ആളും ഒാളവും ഇല്ലാതെ അടവി

Friday 03 July 2020 12:39 AM IST

തണ്ണിത്തോട്: വിനോദസഞ്ചാരികളുടെ പറുദീസയായിരുന്ന അടവിയിലെ കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ സന്ദർശകരില്ലാതായിട്ട് നാല് മാസമാകുന്നു. മാർച്ച് 9 നായിരുന്നു ഇവിടെ അവസാനമായി സഞ്ചാരികളെത്തിയത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ടൂറിസം കേന്ദ്രങ്ങളടച്ചപ്പോൾ അടവിയും ലോക്ക് ഡൗണിലാകുകയായിരുന്നു. ഇപ്പോൾ കുട്ടവഞ്ചികളെല്ലാം കരയ്ക്കാണ്.

മധ്യവേനലവധിയിൽ നല്ല തിരക്കുണ്ടാവേണ്ട നാളുകളിൽ ഇത്തവണ ലക്ഷങ്ങളുടെ വരുമാന നഷ്ടമാണുണ്ടായത്. സംസ്ഥാനത്തെ ആദ്യ കുട്ടവഞ്ചി സവാരി കേന്ദ്രമാണ് അടവി. തണ്ണിത്തോട് പഞ്ചായത്തിലെ വനത്തിലൂടെ ഒഴുകുന്ന കല്ലാറ്റിലൂടെയുള്ള സവാരിയും മുളം കുടിലുകളിലെ താമസവും സഞ്ചാരികൾക്ക് പുതിയ അനുഭവമായിരുന്നു.

കുട്ടവഞ്ചി സവാരി

സാധാരണ ദിവസങ്ങളിലെ വരുമാനം : 50,000 - 70,000 രൂപ

അവധി ദിവസങ്ങളിലെ വരുമാനം : 1.5 ലക്ഷം രൂപ

മുളംകുടിലുകളുടെ വരുമാനം : 10 ലക്ഷം രൂപ (മാസം)

27 തുഴച്ചിൽക്കാർ

അടവിയിൽ 27 കുട്ടവഞ്ചി തുഴച്ചിൽക്കാരാണ് ഉള്ളത്. വനം സംരക്ഷണ സമിതികളിൽ അംഗങ്ങളായ ഇവർക്ക് അടിസ്ഥാന ശമ്പളത്തിന് പുറമേ ഓരോ സവാരികൾക്കും അധിക വരുമാനവും ലഭിച്ചിരുന്നു.

തുഴച്ചിൽക്കാർക്ക് ലോക്ക് ഡൗൺ സമയത്ത് തൊഴിലില്ലാതായപ്പോൾ വേതനവും ഭക്ഷണസാധന കിറ്റുകളും വനം വകുപ്പ് നൽകി. ലോക്ക് ഡൗണിന് ശേഷം ഇവർക്ക് കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഓരോ ദിവസവും വിവിധ ജോലികൾ നൽകുന്നു. പൂന്തോട്ടത്തിലെ ചെടികളുടെ കളകൾ നീക്കം ചെയ്യുകയും ചപ്പുചവറുകൾ നീക്കം ചെയ്യുന്നതുമാണിപ്പോഴത്തെ ജോലി.

ആര്യണ്യകം ഇക്കോ ഷോപ്പും അടഞ്ഞു

വനപാതയിൽ എലിമുള്ളംപ്ലാക്കൽ വനസംരക്ഷണ സമിതിയിലെ വനിതകൾ ചേർന്ന് നടത്തിയിരുന്ന ആര്യണ്യകം ഇക്കോ ഷോപ്പും സഞ്ചാരികളില്ലാത്തതിനാൽ അടഞ്ഞു.