സൗദിയിൽ നിന്ന് കൂടുതൽ സർവീസിന് സമ്മർദ്ദം ചെലുത്തും: മുഖ്യമന്ത്രി

Friday 03 July 2020 12:00 AM IST

തിരുവനന്തപുരം: സൗദി അറേബ്യയിൽ നിന്ന് കൂടുതൽ വന്ദേഭാരത് വിമാന സർവീസിന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് കെ.എം.സി.സി നേതാക്കൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി. പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെ.എം.സി.സി നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. കൊവിഡ് പാക്കേജ് ഉൾപ്പെടെ 12ഇന ആവശ്യങ്ങളാണ് ഉന്നയിച്ചത്. അനുഭാവപൂർവം പരിഗണിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി തുടർ നടപടികൾക്കായി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവനെ ചുമതലപ്പെടുത്തി. സി.വി.എം വാണിമേൽ (കെ.എം.സി.സി ഓവർസീസ് ചീഫ് ഓർഗനൈസർ), ഇബ്രാഹിം എളേറ്റിൽ (പ്രസിഡന്റ് ദുബായ് കെ.എം.സി.സി.), സി.കെ.വി യൂസുഫ് (ചെയർമാൻ കെ.എം.സി.സി മസ്‌കത്ത് കേന്ദ്ര കമ്മിറ്റി), അസീസ് നരിക്കുനി (ജനറൽ സെക്രട്ടറി ഖത്തർ കെ.എം.സി.സി), സിറാജ് എരഞ്ഞിക്കൽ (സെക്രട്ടറി കുവൈറ്റ് കെ.എം.സി.സി), മൊയ്തീൻകോയ കല്ലമ്പാറ (ജനറൽ സെക്രട്ടറി റിയാദ് കെ.എം.സി.സി) എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. പ്രതിപക്ഷ നേതാവിനെയും സന്ദർശിച്ചു.