കൊവിഡ് ബോധവത്കരണ ഷോർട്ട് ഫിലിം: സംവിധാനം വില്ലേജ് ഓഫീസർ, നായകനായി പഞ്ചായത്ത് പ്രസിഡന്റ്

Friday 03 July 2020 12:00 AM IST

കോഴിക്കോട്: പലവട്ടം പറഞ്ഞിട്ടും ഫലമില്ലെന്നായാലോ... അങ്ങനെയെങ്കിൽ ചെറിയൊരു പടം പിടിച്ച് കൊവിഡ് കാര്യങ്ങൾ അവതരിപ്പിച്ചുകൂടേ... കൊടിയത്തൂർ പഞ്ചായത്ത് ആസ്ഥാനത്തെ സംസാരത്തിനിടയിൽ ഉയർന്ന വേറിട്ട ചിന്തയിൽ നിന്ന് പിറന്നത് അഞ്ചു മിനിട്ട് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം - 'ക്വാറന്റൈയിൻ @ കൊടിയത്തൂർ'. സംവിധായകന്റെ തൊപ്പി അണിഞ്ഞത് കൊടിയത്തൂർ വില്ലേജ് ഓഫീസർ എൻ.ശിവശങ്കരൻ. തകർത്തഭിനയിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള മാത്രമല്ല, മുൻ പ്രസിഡന്റ് സുജ ടോമും ആരോഗ്യ പ്രവർത്തകരുമെത്തി. തങ്ങളുടെ അവസ്ഥയാണ് ചിത്രത്തിന്റെ പ്രമേയമെന്ന തിരിച്ചറിവിൽ പ്രവാസി വ്യവസായി റസാഖ് കൊടിയത്തൂർ നിർമ്മാണച്ചുമതല ഏറ്റെടുത്തു.

ഷോർട്ട് ഫിലിമിന്റെ ഓൺലൈൻ റിലീസ് മന്ത്രി ഡോ. കെ.ടി.ജലീൽ തിരുവനന്തപുരത്ത് നിർവഹിച്ചു. യൂട്യൂബിൽ ചിത്രം പുറത്തിറക്കിയത് കോഴിക്കോട് ജില്ലാ കളക്ടർ എസ്.സാംബശിവറാവുവും.

ഒരു പ്രവാസി സ്വന്തം വീട്ടിലേക്ക് വരുന്നതറിഞ്ഞ് അയൽവാസികളടക്കം പരിസരവാസികൾ ബഹളമുണ്ടാക്കുന്നതും പ്രശ്‌നങ്ങൾ അറിഞ്ഞ് ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി അവരെ കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തുന്നതുമാണ് കഥാസാരം. കൊടിയത്തൂർ ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ.എൻ.മനുലാൽ, ഗ്രാമപഞ്ചായത്തംഗം സാറ, പൊതുജന സേവാകേന്ദ്രം ജീവനക്കാരി ധന്യ ഷാനു എന്നിവരെ കൂടാതെ പ്രദേശവാസികളായ ജസാ, ശിഹാൻ ഖാലിദ് എന്നീ കുട്ടികളും വില്ലേജ് ഓഫീസ് ജീവനക്കാരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മാദ്ധ്യമപ്രവർത്തകൻ റഫീഖ് തോട്ടുമുക്കം, പ്രവീൺ മുക്കം എന്നിവരാണ് ഛായാഗ്രാഹകർ. എഡിറ്റിംഗ് നിർവഹിച്ചത് ഹബീബി, നിജിൻ നവാസ് എന്നിവരാണ്.

ഫോട്ടോ- 'ക്വാറന്റൈയിൻ @ കൊടിയത്തൂർ' ഷോർട്ട് ഫിലിമിൽ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള അഭിനയിച്ചപ്പോൾ