ബസ് ചാർജ്ജ് വർദ്ധന ഇന്ന് മുതൽ

Friday 03 July 2020 12:15 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ്ജ് വർദ്ധന ഇന്ന് നിലവിൽ വരും. ഇന്നലെ രാത്രി ഇതിന്റെ വിജ്ഞാപനമിറങ്ങി. കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് 25 ശതമാനം വർദ്ധനവാണ് വരുന്നത്. ആദ്യമായാണ് ഇത്രയും വർദ്ധന. മിനിമം ചാർജ്ജ് എട്ട് രൂപയായി തുടരുമെങ്കിലും സഞ്ചാര ദൂരം 2.5 കിലോമീറ്ററായി കുറയും. 2.5 കിലോമീറ്ററിന് ശേഷം അഞ്ച് കിലോമീറ്റർ വരെ 10 രൂപ നൽകണം. കിലോമീറ്റർ നിരക്ക് 70 പൈസയിൽ നിന്ന് 90 പൈസയായി ഉയരും. ലിമിറ്റഡ് സ്‌റ്റോപ്പ്, സിറ്റിഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, എന്നിവയ്ക്ക് നിലവിലെ നിരക്കിൽ നിന്നും മിനിമം ചാർജ്ജിലും മറ്റു നിരക്കുകളിലും 25 ശതമാനം വർദ്ധനവുണ്ടാകും. വിദ്യാർത്ഥികളുടെ നിരക്ക് കൂടില്ല. സോഫ്റ്റ്‌വെയറിലും ടിക്കറ്റ് മെഷീനിലുമടക്കം പുതിയ നിരക്ക് ഉൾപ്പെടുത്താനുള്ള കാലതാമസം മൂലം ഇന്നു തന്നെ നിരക്ക് വർദ്ധന പൂർണമായി നടപ്പാകാൻ സാദ്ധ്യതയില്ല. ദീർഘദൂര സർവീസുകൾ ഓടാത്തതിനാലും രണ്ട് ജില്ലാ പരിധിക്കുള്ളിൽ സർവീസ് നടത്തുന്ന ഫാസ്റ്റുകളുടെയും ഓർഡിനറികളുടെയും ടിക്കറ്റ് മെഷീനുകളിൽ മാറ്റം വരുത്തിയാൽ മതിയാകും.