കടൽക്കൊല കേസ്: ഇന്ത്യയ്ക്ക് അനുകൂല വിധി
ന്യൂഡൽഹി: കേരള തീരത്ത് ഇറ്റാലിയൻ നാവികർ മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഹേഗിലെ രാജ്യാന്തര ആർബിട്രേഷൻ ട്രൈബ്യൂണലിൽനിന്ന് ഇന്ത്യയ്ക്ക് അനുകൂലവിധി. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നത് അന്താരാഷ്‌ട്ര നിയമത്തിന്റെ ലംഘനമാണെന്ന് വിധിയിൽ പറയുന്നു.
ജീവഹാനി, ശാരീരികമായ ഉപദ്രവം, ബോട്ടിനുള്ള കേടുപാടുകൾ, ധാർമികമായ ക്ഷതം എന്നിവയ്ക്ക് ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കോടതി കണ്ടെത്തി. ഇതുസംബന്ധിച്ച ഇറ്റലിയുടെ വാദം കോടതി തള്ളി. ഇരുരാജ്യങ്ങളും ചർച്ച നടത്തി നഷ്‌ടപരിഹാര തുക നിശ്‌ചയിക്കാം. അല്ലെങ്കിൽ ട്രൈബ്യൂണൽ തീരുമാനിക്കും.
ഇറ്റാലിയൻ കപ്പലായ എൻറിക്ക ലെക്സിയിലെ നാവികർ 2012 ഫെബ്രുവരി 15ന് സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി പ്രഖ്യാപിച്ചത്.
എൻറിക്ക ലെക്സിയിൽ കാവൽ ഡ്യൂട്ടിയിലായിരുന്ന ഇറ്റാലിയൻ നാവികരായ സാൽവത്തോറെ ജിറോൺ, മസിമിലാനോ ലത്തോർ എന്നിവർ കേരളതീരത്തുണ്ടായിരുന്ന മത്സ്യബന്ധന ബോട്ടിന് നേരെ കടൽക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ച് വെടിവയ്ക്കുകയായിരുന്നു. തുടർന്ന്, ഒരു മലയാളി ഉൾപ്പെടെ രണ്ടു മൽസ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടു. പ്രതികളെ 2012 ഫെബ്രുവരി 19ന് അറസ്റ്റു ചെയ്തു.
സംഭവം നടന്നത് അന്താരാഷ്‌ട്ര സമുദ്രാതിർത്തിയിലാണെന്ന് ചൂണ്ടിക്കാട്ടി ഇറ്റലിയാണ് അന്താരാഷ്‌ട്ര കോടതിയെ സമീപിച്ചത്.
കേസിന്റെ വിചാരണയ്‌ക്കായി സുപ്രീംകോടതി, പ്രത്യേക കോടതിയെ നിയോഗിച്ചെങ്കിലും ട്രൈബ്യൂണലിന്റെ നിർദ്ദേശപ്രകാരം നടപടികൾ നിറുത്തേണ്ടിവന്നു. ജാമ്യം അനുവദിച്ചെങ്കിലും പ്രതികൾ രാജ്യം വിടുന്നതു വിലക്കിയിരുന്നു. പിന്നീട്, ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്തു ലത്തോറിനെ ഇറ്റലിയിലേക്കു പോകാൻ കോടതി അനുവദിച്ചു. നാലുവർഷം ഇന്ത്യയിൽ തടവിൽ കഴിഞ്ഞ ജിറോൺ പിന്നീട് മോചിതനായി.