ലാസ്റ്റ് ബെല്ല് ഓർമ്മകളിൽ 'ഇ' - പഠനം

Friday 03 July 2020 1:13 AM IST

 കോളേജുകളിലെ ഓൺലൈൈൻ ക്ലാസുകൾ ഒരുമാസം പിന്നിടുന്നു

കൊല്ലം: കാമ്പസിന്റെ ചുറ്റുവട്ടങ്ങളിൽ നിന്ന് ക്ലാസ് മുറിയിലേക്ക് ഓടിയെത്താൻ ലാസ്റ്റ് ബെല്ലിന്റെ ഓർമ്മപ്പെടുത്തൽ ഇല്ലെങ്കിലും രാവിലെ എട്ടരയോടെ കുട്ടികൾ ഓൺലൈൻ ക്ലാസ് മുറിയിലെത്തും. പഠന മുറി, വീടിന്റെ പറമ്പ്, ടെറസ്, കൃഷിത്തോട്ടം എവിടെയാണോ മൊബൈൽ റേഞ്ച് കൂടുതലുള്ളത് അവിടം ക്ലാസ് മുറിയാകും.

അദ്ധ്യാപകർ ഹാജരെടുത്ത് എല്ലാവരും എത്തിയെന്ന് ഉറപ്പാക്കും. പിന്നീട് പൊളിറ്റിക്‌സും ഹിസ്റ്ററിയും ബോട്ടണിയും ഫിസിക്‌സും അക്കൗണ്ടൻസിയും അടങ്ങുന്ന സിലബസുകളിലേക്ക് അവർ കടക്കും. കൊവിഡിനെ വെല്ലുവിളിച്ച് കാമ്പസുകൾ ഇങ്ങനെ പഠനവഴിയിലൂടെ നടക്കാൻ തുടങ്ങിയിട്ട് ഒരു മാസം പിന്നിടുകയാണ്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോളേജുകളിലെയും സാങ്കേതിക സ്ഥാപനങ്ങളിലെയും ഓൺലൈൻ പഠന മുറികൾ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ സജീവമാണ്.

ഈ വർഷം മുതലാണ് കോളേജുകളുടെ അദ്ധ്യയന സമയം പുനരേകീകരിച്ചത്.

നിശ്ചിത ശതമാനം അദ്ധ്യാപകർ കോളേജിലെത്തിയും മറ്റുള്ളവർ വീടുകളിലിരുന്നുമാണ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നത്.

കോളേജുകളിലെ അദ്ധ്യയന സമയം

രാവിലെ: 8.30 മുതൽ

ഉച്ചയ്ക്ക് 1.30 വരെ

ഓൺലൈൻ പഠന മുറികളിങ്ങനെ

1. കുട്ടികളുടെ എണ്ണം, വിഷയം അടിസ്ഥാനമാക്കി സോഫ്ട് വെയർ തിരഞ്ഞെടുക്കൽ

2. കൂടുതലും സൂം, ഗൂഗിൾ ക്ലാസ് റൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്ട് ടീം

3. തുടർ പഠനത്തിന് ക്ലാസുകൾ റെക്കാർഡ് ചെയ്‌ത് ലഭ്യമാക്കുന്നു

4. കുട്ടികൾ ക്ലാസിൽ ഇരിക്കുന്നുണ്ടെന്ന് അദ്ധ്യാപകർ ഉറപ്പാക്കും

5. ക്ലാസുകൾ സംബന്ധിച്ച് വകുപ്പ് മേധാവികളിൽ നിന്ന് പ്രിൻസിപ്പൽ റിപ്പോർട്ട് വാങ്ങും

6. അക്കാദമിക് കലണ്ടർ പ്രകാരമാണ് ക്ലാസുകൾ

7. ക്ലാസുകൾ സംബന്ധിച്ച് കുട്ടികളുടെ അഭിപ്രായവും തേടുന്നുണ്ട്.

സൗകര്യങ്ങളുമായി നാടൊന്നാകെ

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായവുമായി നാടൊന്നാകെ ഒപ്പമെത്തി. മൊബൈൽ ഫോണുകൾ, ലാപ്പ് ടോപ്പുകൾ, ടാബുകൾ എന്നിവ വാങ്ങി നൽകാൻ വിദ്യാർത്ഥി - യുവജന സംഘടനകൾ മുന്നിട്ടിറങ്ങി. എങ്കിലും സൗകര്യങ്ങളില്ലായ്മ, മൊബൈൽ ഫോൺ റേഞ്ച് കുറവ് എന്നിവ മൂലം ക്ലാസ് ലഭിക്കാത്ത കുട്ടികൾ ഇപ്പോഴും ജില്ലയിലുണ്ട്.

ഓൺലൈൻ ക്ലാസ് നിർബന്ധമാക്കരുത്

ഓൺലൈൻ ക്ലാസുകൾ നിർബന്ധമാക്കരുതെന്ന ആവശ്യത്തിൽ എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ ഉറച്ച് നിൽക്കുകയാണ്. ഏറെ പരിമിതികളുള്ള ഓൺലൈൻ ക്ലാസുകളിലെ ഹാജർ അടിസ്ഥാനമാക്കി ഇന്റേണൽ മാർക്ക് നിശ്ചയിക്കരുതെന്നും അവർ ആവശ്യപ്പെടുന്നു.

''

പരിമിതികൾ ഏറെയുള്ളതിനാൽ ഓൺലൈൻ ക്ലാസുകൾ നിർബന്ധിത സ്വഭാവത്തോടെ നടത്തരുത്. ഹാജരിന്റെ അടിസ്ഥാനത്തിൽ ഇന്റേണൽ മാർക്ക് നിശ്ചയിക്കരുത്.

പി.അനന്തു, ജില്ലാ സെക്രട്ടറി

എസ്.എഫ്.ഐ

''

ഓൺലൈൻ ക്ലാസുകൾ പുതിയ അനുഭവമാണ്. അതിനെ ഉൾക്കൊണ്ട് പഠിക്കുകയാണ്. റേഞ്ച് കുറവ് ഉൾപ്പെടെ ചിലപ്പോൾ ഉണ്ടാകും. പലർക്കും ക്ലാസ് കിട്ടാതെ പോകുന്നുണ്ട്.

അനന്തകൃഷ്ണൻ,

വിദ്യാർത്ഥി, പന്മന