കേരള കൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ടു അക്ഷയെ അഭിനന്ദിക്കാൻ മേയറെത്തി
തിരുവനന്തപുരം: കാഴ്ച പരിമിതിയെ തോൽപ്പിച്ച് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാ വിഷയിത്തിലും എ പ്ളസ് കരസ്ഥമാക്കിയ എസ്.എം.വി.സ്കൂളിലെ അക്ഷയ് കൃഷ്ണയെ മേയർ കെ. ശ്രീകുമാർ വസതിയിലെത്തി ആദരിച്ചു. കേരള കൗമുദിയിലെ അക്ഷയ്‌യുടെ വിജയം ആഘോഷിക്കുന്ന ചിത്രം ശ്രദ്ധയിൽപ്പെട്ടാണ് മേയർ എത്തിയത്. നഗരസഭയുടെ ആദരവായി ഫലകവും പാഠഭാഗങ്ങൾ കേട്ട് പഠിക്കാൻ സഹായകമാകുന്ന ബ്ലൂട്ടൂത്ത് സ്‌പീക്കറും സമ്മാനിച്ചു. ജഗതി സ്വദേശിയായ അക്ഷയ് ഏഴാം ക്ളാസുവരെ ജഗതിയിലെ അന്ധ വിദ്യാലയത്തിലാണ് പഠിച്ചത്. പഠനത്തിൽ മാത്രമല്ല കലാരംഗത്തും അക്ഷയ് മിടുക്കനാണ്. ചരിത്രവും രാഷ്ട്രീയവും വളരെയധികം ഇഷ്ടപ്പെടുന്ന അക്ഷയ്ക്ക് ചരിത്രത്തിലോ രാഷ്ട്രമീമാംസയിലോ കോളേജ് അദ്ധ്യാപകനാവുകയെന്നതാണ് സ്വപ്നം. വാർത്ത കേൾക്കുന്നതും ഹോബിയാണ്. ഏത് സംശയങ്ങൾക്കും എപ്പോഴും ഉത്തരം തന്നിരുന്ന എസ്.എം.വി സ്കൂളിലെ അദ്ധ്യാപകരോട് വലിയ നന്ദിയാണ് ഈ സന്ദർഭത്തിൽ അക്ഷയ്ക്കും അമ്മ രാജശ്രീക്കും പറയാനുള്ളത്.
അനിയൻ സൂരജ് കൃഷ്ണയും ചേട്ടന്റെ നേട്ടത്തിൽ വലിയ സന്തോഷത്തിലാണ്. അച്ഛൻ വി.സുരേന്ദ്രൻ സെക്രട്ടേറിയറ്റ് ജീവനക്കാരനാണ്.
ഫോട്ടോ.... അക്ഷയ് കൃഷ്ണയെ മേയർ കെ. ശ്രീകുമാർ ആദരിക്കുന്നു. അച്ഛൻ സുരേന്ദ്രൻ, അമ്മ രാജശ്രീ, സഹോദരൻ സൂരജ് കൃഷ്‌ണ എന്നിവർ സമീപം