ജില്ലയിൽ ഒൻപത് പേർക്കുകൂടി കൊവിഡ്; ഉറവിടം അറിയാതെ നാല് പേർ

Friday 03 July 2020 1:43 AM IST

തിരുവനന്തപുരം: ജില്ലയിൽ ഉറവിടമറിയാതെ കൊവി‌ഡ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക. ഇന്നലെ ഒൻപത് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിലാർക്കും വ്യക്തമായ യാത്രാപശ്ചാത്തലമില്ലാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. ആലുവിള ബാലരാമപുരം സ്വദേശി (47), പാളയം സാഫല്യം കോംപ്ലക്‌സിലെ ഒരു ജനറൽ സ്റ്റോർസിൽ ജോലിചെയ്യുന്ന അസാം സ്വദേശി (24), ലോട്ടറി വിൽപ്പനക്കാരനായ വഞ്ചിയൂർ കുന്നുംപുറം സ്വദേശി (45), വി.എസ്.എസിയിൽ അപ്രന്റീസ് ട്രെയിനിയായ നെയ്യാറ്റിൻകര വഴുതൂർ സ്വദേശി (25) എന്നിവർക്കാണ് ഇന്നലെ സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇവരിലാർക്കും യാത്രാ പശ്ചാത്തലമോ കൊവിഡ് ബാധിതരുമായി നേരിട്ടോ ബന്ധമില്ല.

ജൂൺ 18ന് കുവൈറ്റിൽ നിന്നെത്തിയ പോങ്ങുംമൂട് സ്വദേശിനി (45), ജൂൺ 23ന് പൂനെയിൽ നിന്നെത്തിയ കാട്ടാക്കട സ്വദേശി (20), ജൂൺ 26ന് കുവൈറ്റിൽ നിന്നെത്തിയ ചാന്നാങ്കര വെട്ടുതറ സ്വദേശിനിയായ രണ്ടുവയസുകാരി, ജൂലായ് ഒന്നിന് അബുദാബിയിൽ നിന്നെത്തിയ വഞ്ചിയൂർ കുന്നുകുഴി സ്വദേശി (47), ഒമാനിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി (65) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.

ഇന്നലെ ജില്ലയിൽ പുതുതായി 758 പേർ രോഗനിരീക്ഷണത്തിലായി. 9,539 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 17,980 പേർ വീടുകളിലും 1,999 പേർ കരുതൽ നിരീക്ഷണത്തിലുമുണ്ട്. വിവിധ ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 45 പേരെ പ്രവേശിപ്പിച്ചു. 30 പേരെ ഡിസ്ചാർജ് ചെയ്തു. 596 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ 318 പരിശോധനാഫലങ്ങൾ ലഭിച്ചു.

 ആകെ നിരീക്ഷണത്തിലുള്ളവർ - 20,2152

 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ - 17,9803

 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 2364

 കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ - 1,9995

 പുതുതായി നിരീക്ഷണത്തിലായവർ - 758