1957ൽ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് ബസുണ്ടായിരുന്നു! അമ്പത് ദിവസം കൊണ്ട് കൊൽക്കത്തയിലെത്താം, ബസിനുമുണ്ട് പ്രത്യേകതൾ ഏറെ, ചിലവ് എത്രയായിരുന്നെന്ന് അറിയാമോ?

Friday 03 July 2020 1:18 PM IST

ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നും നമ്മുടെ കൽക്കട്ടയിലേക്ക് ( കൊൽക്കത്ത) ഒരു ബസ് സർവീസുണ്ടായിരുന്നു എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും അത്തരമൊരു ബസ് സർവീസ് ഉണ്ടായിരുന്നെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 1957-ൽ ആരംഭിച്ച സർവീസ് ബെൽജിയം, യൂഗോസ്ലാവ്യ തുടങ്ങി പടിഞ്ഞാറൻ പാകിസ്ഥാൻ വഴിയാണ് ഇന്ത്യയിലെത്തിയിരുന്നത്.

കൊൽക്കത്ത ബസ്-ഓ-പീഡിയ എന്ന ഫേസ്ബുക്ക് പേജിലാണ് ലണ്ടൻ-കൽക്കത്ത-ലണ്ടൻ ബസ് സർവീസിനെപ്പറ്റിയുള്ള വിശദാംശങ്ങളും, ചിത്രങ്ങളും നൽകിയിട്ടുള്ളത്. രോഹിത് കെ ദാസ്‌ഗുപ്‌ത എന്നയാളാണ് 1970 വരെ നിലവിലുണ്ടായിരുന്ന ഈ സർവീസിനെപ്പറ്റി ട്വിറ്ററിൽ കുറിച്ചത്.

"1970-കൾ നിലവിലുണ്ടായിരുന്ന ലണ്ടൻ-കൊൽക്കത്ത ബസ് സർവീസിനെക്കുറിച്ച് ഇപ്പോൾ അറിഞ്ഞത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നു. കൊള്ളാം”- ബസിൽ കയറാൻ നിൽക്കുന്ന യാത്രക്കാരുടെ ഫോട്ടോ സഹിതം രോഹിത് ട്വിറ്ററിൽ കുറിച്ചു. കൊൽക്കത്ത ബസ്-ഓ-പീഡിയ ഫേസ്ബുക്ക് വെളിപ്പെടുത്തുന്നതനുസരിച്ച് ആൽബർട്ട് ട്രാവൽ എന്ന കമ്പനിയാണ് ഈ ബസ് സർവീസ് നടത്തിയിരുന്നത്.

1957 ഏപ്രിൽ 15-നാണ് ആദ്യയാത്ര ലണ്ടനിൽ നിന്നും ആരംഭിച്ചത്. ജൂൺ മാസം അഞ്ചാം തിയതി ആദ്യ സർവീസ് കൊൽക്കത്തയിൽ എത്തി. അതായത് ഏകദേശം 50 ദിവസം വേണ്ടി വന്നു യാത്ര പൂർത്തിയാക്കാൻ. ഇംഗ്ലണ്ടിൽ നിന്നും ബെൽജിയം, അവിടെ നിന്നും പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പശ്ചിമ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക്.

ഇന്ത്യയിൽ കടന്നതിന് ശേഷം ന്യൂ ഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴിയാണ് ഒടുവിൽ കൽക്കട്ടയിൽ എത്തുക. ബസ് സർവീസിനെ പറ്റിയുള്ള ബ്രോഷറും, കൊൽക്കത്ത ബസ്-ഓ-പീഡിയ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കാനുള്ള സംവിധാനങ്ങൾ, ഓരോരുത്തർക്കും പ്രത്യേകം സ്ലീപ്പിങ് ബങ്കുകൾ, പാട്ടുകൾ കേൾക്കാനുള്ള സംവിധാനം, ഫാനിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ എന്നിങ്ങനെ പലതും യാത്രക്കാർക്കായി സജീകരിച്ചിരുന്നു.വെറും ഒരു യാത്ര എന്നതിലുപരി ഒരു ടൂർ പോലെയാണ് ഈ യാത്ര ക്രമീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഗംഗാതീരത്തെ ബനാറസിലും, താജ്മഹലിലും അടക്കം വഴിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സമയം ചിലവഴിക്കാനും യാത്രയ്ക്കിടെ അവസരമുണ്ടായിരുന്നു. ടെഹ്‌റാൻ, സാൽസ്‌ബർഗ്‌, കാബൂൾ, ഇസ്താൻബുൾ, വിയന്ന തുടങ്ങിയ നഗരങ്ങളിൽ ഷോപ്പിംഗിനായും സമയം അനുവദിച്ചിരിക്കുന്നു. ഇത്രയും വിശാലമായ, ദിവസങ്ങൾ പിടിക്കുന്ന യാത്രയ്ക്ക് എത്രയാണ് ചിലവെന്നോ? 85 പൗണ്ട് സ്റ്റെർലിങ്, ഇപ്പോഴത്തെ 8,019 രൂപ. ഭക്ഷണം, യാത്ര, താമസം എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്നതാണ് ഈ തുക. വിശ്വസിക്കാനാവുന്നില്ല അല്ലേ!