പീച്ചിൽ ഇങ്ങനെയൊന്ന് കൃഷി ചെയ്തുനോക്കൂ, ഇരട്ടി വിളവ് ലഭിക്കും

Friday 03 July 2020 4:07 PM IST

വെള്ളരി വർഗക്കാരനായ പീച്ചിൽ എങ്ങനെ എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാമെന്ന് നോക്കാം. നല്ലയിനം വിത്ത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും പ്രധാനം. .ചകിരിച്ചോറ്, മണൽ, ചാണകപ്പൊടി മിശ്രതത്തിലോ, ചകിരിച്ചോറിലൊ വിത്ത് പാകുക. ഒരു നുള്ള് സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കുതിർത്ത വിത്തുകളാണ് നല്ലത്.

വിത്ത് മുളക്കുമ്പോൾ തന്നെ കീടങ്ങളുടെ ഉപദ്രവം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. അതിനാൽ സ്യൂഡോമോണാസില്‍ വിത്ത് കുതി൪ക്കുന്നത് ഉപകരിക്കും. മുളച്ചു കഴിയുമ്പോള്‍ രണ്ട് ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റ൪ വെള്ളത്തിൽ കലക്കി ചെടിച്ചുവട്ടിലും ഇലകളിലും തളിക്കുന്നതും ചെടിയുടെ വളർച്ചയ്ക്ക് നല്ലതാണ്.

മേൽ മണ്ണ്, മണൽ, ചാണകപ്പൊടി, ചകിരിച്ചോറ് മിശ്രിതത്തൽ ഗ്രോബാഗിൽ നിറക്കുകയോ, തടമൊരുക്കുകയോ ചെയ്യുക. ചെടികൾ കുറച്ച് അകലത്തിൽ നട്ടാൽ പന്തലിൽ നല്ല രീതിയിൽ പട൪ത്താനാവും. ചെടി വേര് പിടിച്ച് കഴിയുമ്പോൾ ചാണകം ആഴ്ചയിൽ ഒരിക്കൽ ചെടികൾക്ക് ഇട്ട് കൊടുക്കുന്നതും നല്ലതാണ്.

വള്ളി വീശുമ്പോൾ പന്തലൊരുക്കി പട൪ത്തുക. രണ്ടാഴ്ചയിൽ ഒരിക്കൽ കടല പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, ചാണകം ഇവ ചേ൪ത്ത് ഒഴിക്കുക. പുഷ്പിക്കുന്ന സമയമാകുമ്പോൾ കുറച്ച് പഴകിയ ചാരം വിതറാം. പന്തലിൽ കേറിയ ചെടിയുടെ തലപ്പ് നുള്ളിയ ശേഷം സ്യൂഡോമോണാസ് ഇലകളിൽ തളിച്ചാൽ കൂടുതൽ ശിഖരങ്ങൾ വരുകയും, ചെടിക്ക് സൂര്യപ്രകാശം ആഗിരണം ചെയ്യാനുള്ള കഴിവ് വ൪ദ്ധിക്കുകയും, ചെടി തഴച്ചുവളരുകയും ചെയ്യും. പുതുതായി വന്ന ശിഖരങ്ങൾ ഒരു മീറ്റർ നീളത്തിൽ വള൪ന്നാൽ വീണ്ടും തലപ്പ് നുള്ളുക.ഇത് ഒരു ചെടിയിൽ തന്നെ കുറെയധികം ശിഖരങ്ങൾ വരാനും, കൂടുതൽ കായ്കൾ ഉണ്ടാകാനുപകരിക്കുകയും ചെയ്യും. രണ്ടാഴ്ചയിൽ ഒരിക്കൽ ഒരു പിടി എല്ലുപൊടി ചുവട്ടിൽ വിതറുക. ചാണകപ്പൊടിയും കുറച്ച് വിതറുക.