അതീവ ജാഗ്രതയിൽ കൊച്ചി; രോഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്കയെന്ന് വി.എസ് സുനിൽകുമാർ
കൊച്ചി: കൊച്ചിയിൽ രോഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്കയെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. കൊച്ചി കോർപറേഷൻ പരിധിയിൽ പതിനാറ് രോഗികളാണുള്ളത്. ഹാർബറിൽ അറുപത്തിയാറുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെല്ലാനം ഹാർബർ അടച്ചു. ചെല്ലാനത്തിലെ 15,16 വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളാക്കിയെന്നും മന്ത്രി അറിയിച്ചു.ഡോക്‌ടർമാർ അടക്കമുള്ളവർ ജില്ലയിൽ നിരീക്ഷണത്തിലാണ്. മാർക്കറ്റുകളിലും മാളുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. ആൾക്കൂട്ടം നിയന്ത്രിച്ച് ജില്ലയിൽ കർശനമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം എറണാകുളം മാർക്കറ്റിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഇന്ന് 50 പേരുടെ സാമ്പിൾ കൂടി ശേഖരിക്കും. കണ്ടെയ്ൻമെന്റ് സോണിൽ പൂക്കാരമുക്ക് മേഖലയിൽ താമസിക്കുന്നവരുടെയും സമീപത്ത വ്യാപാരസ്ഥാപനങ്ങളെ ജീവനക്കാരുടെയും സാമ്പിളാണ് ശേഖരിക്കുക. മാർക്കറ്റിൽ നിന്ന് പന്ത്രണ്ട് പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
ചേർത്തല പള്ളിത്തോട് സ്വദേശിയായ ഗർഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ചികിത്സിച്ച മൂന്ന് ഡോക്ടർമാരും നേഴ്സുമാരുമടക്കമുള്ളവർ നിരീക്ഷണത്തിലായി. ചേർത്തല താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡ് താത്കാലികമായി അടച്ചു. ഈ സ്ത്രീയുടെ ഭർത്താവ് ജോലി ചെയ്തിരുന്ന ചെല്ലാനം ഹാർബർ മുൻകരുതലിന്റെ ഭാഗമായാണ് അടച്ചിരിക്കുന്നത്. ഇവരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.