ദേവസ്വം ജീവനക്കാരുടെ ശമ്പളം മുടക്കരുത്: ചെന്നിത്തല
Saturday 04 July 2020 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുന്ന ദു:സ്ഥിതിയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.തിരുവതാംകൂർ എംപ്ലോയീസ് ഫ്രണ്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച വിളിച്ചുണർത്തൽ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഡ്‌ജറ്റിലെ വാഗ്ദാനം സർക്കാർ പാലിച്ചിരുന്നെങ്കിൽ ബോർഡിന് ഈ സാമ്പത്തിക ബുദ്ധിമുട്ട് വരില്ലായിരുന്നു. ലോക്ക് ഡൗണിൽ വരുമാനം നിലച്ച ക്ഷേത്രങ്ങളെയും മറ്റ് ആരാധനാലയങ്ങളേയും സംരക്ഷിക്കാനുള്ള ഉത്തരവാദത്വം സർക്കാരിനുണ്ടെന്നും ശമ്പളം മുടക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
എംപ്ലോയീസ് ഫ്രണ്ട് പ്രസിഡന്റ് ജി. ബൈജു അദ്ധ്യക്ഷനായി. നാദസ്വരം, തകിൽ, ശംഖ്, നിലവിളക്ക് എന്നിവയുമായാണ് ജീവനക്കാർ ധർണയിൽ പങ്കെടുത്തത്.