ഇടുക്കിയിൽ ബെല്ലി ഡാൻസും നിശാപാർട്ടിയും, കൊവിഡ് നിയന്ത്രണത്തിന് പുല്ലുവില, സ്വകാര്യ റിസോർട്ടിലെത്തിയത് പ്രമുഖരടക്കം മുന്നോറോളം പേർ

Saturday 04 July 2020 1:01 PM IST

നെടുങ്കണ്ടം: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഇടുക്കിയിലെ സ്വകാര്യ റിസോർട്ടിൽ ബെല്ലിഡാൻസും നിശാപാർട്ടിയും. ശാന്തൻപാറയ്ക്കു സമീപം രാജാപ്പാറയിലുള്ള സ്വകാര്യ റിസോർട്ടിലാണ് വ്യവസായി നിശാപാർട്ടിയും ബെല്ലി ഡാൻസും മദ്യസത്‌കാരവും സംഘടിപ്പിച്ചത്. സംഭവത്തിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്തു.

നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായസ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജൂൺ 28ന് ഡി.ജെ. പാർട്ടിയും ബെല്ലി ഡാൻസ് ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചത്. രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടുവെന്നാണ് റിപ്പോർട്ട്. മതമേലദ്ധ്യക്ഷന്മാരും സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പൊതുപ്രവർത്തകരും ഉന്നതോദ്യോഗസ്ഥരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തിരുന്നു.

സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് റിസോർട്ടിൽ പാർട്ടിക്കായുള്ള സംവിധാനങ്ങൾ ഒരുക്കിയത്. ആഘോഷത്തിൽ മുന്നൂറോളം പേർ പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമികവിവരം. ഒരേസമയം 60 മുതൽ നൂറു പേർവരെ ഇതിൽ ഒത്തുചേർന്നു. മദ്യപിക്കുന്നതിനുള്ള സൗകര്യം ഏർപ്പാടാക്കിയിരുന്നു. ബെല്ലി ഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചെന്നാണ് വിവരം.