സ്ഥിതി ആശങ്കാജനകം: തിരുവനന്തപുരത്ത് 'സൊമാറ്റോ' ഫുഡ് ഡെലിവറി ബോയിക്ക് കൊവിഡ്, ഭക്ഷണവിതരണം നടത്തിയത് പാളയത്ത്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചവരിൽ 'സൊമാറ്റോ' ഓൺലൈൻ ഫുഡ് ഡെലിവറി ബോയിയും. കുന്നത്തുകാല്‍ എരവൂര്‍ സ്വദേശിയായ 37 കാരനായ ഭക്ഷണ വിതരണക്കാരൻ പാളയം മത്സ്യ മാര്‍ക്കറ്റിന്റെ പിന്നിലെ ലോഡ്ജിലായിരുന്നു താമസം. പാളയം പരിസരത്ത് ഇദ്ദേഹം ഭക്ഷണവിതരണം നടത്തിയതായി വിവരവും ലഭിച്ചിട്ടുണ്ട്.
കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഇദ്ദേഹം സ്വയം വീട്ടുനിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജൂലൈ ഒന്നിന് കൊവിഡ് പരിശോധന നടത്തിയതിന് ശേഷം ഇന്നാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ജില്ലയിൽ ആകെ 16 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടൊപ്പം ഇന്ന് ജില്ലയിൽ ഉറവിടമറിയാതെ നാല് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചുണ്ടെന്ന വസ്തുത ആശങ്കയേറ്റുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 152 പേർ വിദേശത്ത് നിന്നും വന്നവരാണ്. 52 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും. 17 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏറ്റവുമധികം പേർ രോഗമുക്തി നേടിയതും ഇന്നാണ്. 209 പേർ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.