ഇന്ത്യൻ കോച്ചുമാരുടെ ശമ്പള പരിധി മാറ്റി
Sunday 05 July 2020 12:31 AM IST
ന്യൂഡൽഹി : ഇന്ത്യക്കാരായ പരിശീകർക്ക് രണ്ട് ലക്ഷം രൂപയിലധികം ശമ്പളം നൽകാൻ പാടില്ല എന്ന വ്യവസ്ഥ കേന്ദ്ര കായികമന്ത്രാലയം മാറ്റി. വിദേശ പരിശീലകർ വൻ തുക പ്രതിഫലമായി കൈപ്പറ്റുമ്പോൾ ഇന്ത്യക്കാർക്ക് പണം കിട്ടാത്തത് പരാതിക്ക് ഇടവരുത്തിയിരുന്നു. ഒളിമ്പിക്സ് അടക്കം ലക്ഷ്യമിട്ടുള്ള എലൈറ്റ് ട്രെയിനിംഗ് പദ്ധതികളിൽ മുൻകാലത്തെ സൂപ്പർ താരങ്ങളെ സഹകരിപ്പിക്കാനായാണ് ശമ്പളപരിധി എടുത്തുകളയുന്നതെന്ന് കായിക മന്ത്രി കിരൺ റിജിജു പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇന്ത്യക്കാരായ പരിശീലകർക്ക് അർഹിക്കുന്ന അംഗീകാരം നൽകുമെന്നും നിലവിലുള്ള വിദേശപരിശീലകരുടെ കാലാവധി സെപ്തംബർ 30 വരെ നീട്ടുമെന്നും മന്ത്രി പറഞ്ഞു.