ജോസ് കെ.മാണിയെ പുറത്താക്കിയിട്ടില്ല: കെ.മുരളീധരൻ
Sunday 05 July 2020 12:31 AM IST
തിരുവനന്തപുരം: യു.ഡി.എഫിൽ നിന്ന് ജോസ് കെ.മാണിയെ പുറത്താക്കിയിട്ടില്ലെന്നും മുന്നണി യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് മാറ്റിനിറുത്തുകയാണ് ചെയ്തതെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു. തിരഞ്ഞെടുപ്പിന് തലേദിവസം തിരിച്ചുവന്നിട്ട് ഒറ്റക്കെട്ടാണെന്ന് പറഞ്ഞാൽ ജനം വിശ്വസിക്കില്ല. ധാരണപ്രകാരമുള്ള ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചാൽ ജോസിന് തിരിച്ചുവരാം. അല്ലെങ്കിൽ സ്വന്തം വഴി സ്വീകരിക്കാം. ജോസ് പക്ഷത്തെ പുറത്താക്കിയത് സംബന്ധിച്ച് യു.ഡി.എഫിൽ ഒരു ആശയക്കുഴപ്പവുമില്ല. കെ.എം.മാണിയുടെ മരണത്തോടെ ബാർ കോഴ അവസാനിച്ചുവെന്ന സി.പി.എം നിലപാട് കല്ലറയിൽ കിടക്കുന്ന മാണിയെ അപമാനിക്കലാണ്. ആർ.ബാലകൃഷ്ണപിള്ളയെ സ്വീകരിച്ച എൽ.ഡി.എഫിന് ജോസ് കെ.മാണിയെ സ്വീകരിക്കാൻ ഒരു മടിയുമുണ്ടാകില്ലെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.