കൊമ്പ് വാദ്യ കലാകാരൻ ചെങ്ങമനാട് അപ്പുനായർ നിര്യാതനായി

Saturday 04 July 2020 11:39 PM IST

നെടുമ്പാശേരി: പ്രസിദ്ധ കൊമ്പ് വാദ്യ കലാകാരൻ നെടുമ്പാശേരി തുരുത്തിശേരി എടയാക്കുടി വീട്ടിൽ അപ്പുനായർ (85) നിര്യാതനായി. കൊമ്പ് വാദനത്തിലെ പ്രസിദ്ധമായ നായത്തോട് ശൈലിയുടെ പ്രതിഭയായിരുന്നു. തൃശൂർ പൂരം ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന ഉത്സവങ്ങൾക്ക് കൊമ്പ് പ്രമാണം വഹിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പല്ലാവൂർ പുരസ്‌കാരം, കേരള സംഗീതനാടക അക്കാഡമി പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. തുരുത്തിശേരി ഗ്രാമത്തിൽ എടയാക്കുടി നാരായണൻ നായരുടെയും കോച്ചേരി ജാനകിഅമ്മയുടെയും മകനായി ജനിച്ച ഇദ്ദേഹം അച്ഛനിൽ നിന്നാണ് കൊമ്പ് വാദ്യം അഭ്യസിച്ചത്. പത്താംവയസിൽ ചെങ്ങമനാട്ടപ്പന്റെ ശ്രീവേലികൾക്ക് കൊമ്പൂതി പ്രദക്ഷിണം വച്ച് അരങ്ങേറ്റം നടത്തി. തുടർന്ന് ചെങ്ങമനാട് അപ്പുനായർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സംസ്ഥാന സർക്കാർ ബഹുമതികളോടെ സംസ്കാരം നടത്തി. ഭാര്യ: ചിറ്റേത്ത് രാജമ്മ. മക്കൾ: പ്രസന്ന, ഹരിക്കുട്ടൻ, സുശീല, രാജി, ബിന്ദു. മരുമക്കൾ: സി.കെ. വിശ്വേശ്വരൻ, അജിത, സോമൻ, ജയൻ, ജയകുമാർ.