പത്ത് വർഷം മുൻപ് പഠിച്ചിറങ്ങിയ എസ്.എഫ്.ഐ മുൻ വനിതാ നേതാവിന് മാർക്ക് കൂട്ടി നൽകി: ഗവർണർക്ക് പരാതി
തിരുവനന്തപുരം: പത്ത് വർഷം മുൻപ് പഠിച്ചിറങ്ങിയ മുൻ എസ്.എഫ്.ഐ വനിതാ നേതാവിന് 21 മാർക്ക് ദാനമായി നൽകിയതായി പരാതി. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് 2009ൽ എം.എ പാസായ ഇവർക്ക് ചട്ട വിരുദ്ധമായി മാർക്ക് നൽകിയെന്ന് കാണിച്ച് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ലഭിച്ചിട്ടുണ്ട്.
2007-2009 കാലഘട്ടത്തിൽ സർവകലാശാലയുടെ വിമൻസ് സ്റ്റഡീസ് വകുപ്പിൽ എം.എക്കാണ് ഇവർ പഠിച്ചത് എന്നാണ് വിവരം. സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്. സർവകലാശാലാ ചട്ടങ്ങൾക്കു വിരുദ്ധമായി മാർക്ക് നൽകിയ നടപടി റദ്ദാക്കണമെന്നും പരാതിയിൽ പറയുന്നു.
മാർക്ക് നൽകിയവർക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയിലൂടെ കമ്മിറ്റി ഗവർണറോട് ആവശ്യപ്പെടുന്നുണ്ട്. കരാർ പ്രകാരം അധ്യാപികയായ മുൻ നേതാവിനാണ് മാർക്കു കൂട്ടിനൽകിയത്. മതിയായ ഹാജരില്ലാത്ത വിദ്യാർഥികൾക്ക് ഹാജരിനുള്ള മാർക്ക് നൽകാൻ പാടില്ലെന്നാണ് സർവകലാശാലാ നിയമം.