കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണം: ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കൊവിഡ് ടെസ്റ്റുകളുടെ എണ്ണവും വ്യാപ്തിയും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. സമ്പർക്ക രോഗബാധിതരുടെയും ഉറവിടമറിയാത്ത രോഗബാധിതരുടെയും എണ്ണം ദിനം പ്രതി വർദ്ധിക്കുന്നത് ആശങ്കജനകമാണ്. സർക്കാരിന്റെ പ്രതിരോധപ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണം.
സ്വകാര്യ ആശുപത്രികളെ കൂടി കൊവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സജ്ജമാക്കണം. സ്വകാര്യ ആശുപത്രികളുടെ വെന്റിലേറ്റർ, ഐ.സി.യു സൗകര്യങ്ങൾക്കുള്ള ഫീസും, നിരക്കും സംബന്ധിച്ച കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിക്കണം.
മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണത്തിനും, ആവശ്യത്തിനും ആനുപാതികമായി കൂടുതൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കുന്നതിനും നിലവിലുള്ള കേന്ദ്രങ്ങളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.