സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക്, സ്വപ്നയ്ക്ക് എങ്ങനെ ഐ.ടി വകുപ്പിൽ ജോലി കിട്ടി? ഐ.ടി സെക്രട്ടറിയുടെ പങ്ക് വ്യക്തമാക്കണമെന്ന് ചെന്നിത്തല

Monday 06 July 2020 5:27 PM IST

തിരുവനന്തപുരം: സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കാളിത്തമെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസിൽ ഐ.ടി സെക്രട്ടറിയുടെ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല. സ്വപ്നയ്ക്ക് എങ്ങനെ ഐ.ടി വകുപ്പിൽ ജോലി കിട്ടിയെന്ന് വ്യക്തമാക്കണം. എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം ആരോപിച്ചു.

"സ്വർണക്കടത്തുകാരെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് നീക്കം നടത്തി എന്നതിൽനിന്ന് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളിൽ ധാർമിക ഉത്തരവാദിത്തം ഉണ്ട്. കോടികളുടെ അഴിമതിയാണ് സ്വർണക്കടത്തിലൂടെ നടന്നത്. ഗൗരവ സ്വഭാവമുള്ള കേസാണിത്-അദ്ദേഹം പറഞ്ഞു.