ഇപ്പോഴും യു.പി.എയിൽ, പദവികൾ ഒഴിയില്ല:ജോസ്
കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗം ഇപ്പോഴും യു.പി.എയുടെ ഭാഗമാണെന്ന് പാർട്ടിയുടെ ചെയർമാൻ ജോസ് കെ മാണി വ്യക്തമാക്കി. നേരത്തെ യു.ഡി.എഫ് വിട്ടപ്പോഴും യു.പി.എയുടെ ഭാഗമായിരുന്നു.
ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാൻ തീരുമാനിച്ചിട്ടില്ല. അതിനായി ചർച്ചയും നടത്തിയിട്ടില്ല.സ്വതന്ത്രമായി നിൽക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അതിനാൽ എം.പി സ്ഥാനങ്ങൾ രാജിവയ്ക്കില്ലെന്ന സൂചനയും നൽകി.
ജോസ് വിഭാഗത്തിലെ എം.പിമാർ ഇപ്പോഴും യു.പി.എയുടെ ഭാഗമാണെന്നും, വീരേന്ദ്രകുമാർ ചെയ്തതുപോലെ പദവികൾ രാജിവയ്ക്കണമെന്നും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. കാനത്തിന് മറുപടി പറയേണ്ട സാഹചര്യമില്ലെന്നും
അവർക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ജോസ് പ്രതികരിച്ചു.
ചിഹ്നംവിധി ഇന്നെന്ന് ജോസഫ്,
അന്തിമവിധിയല്ലെന്ന് ജോസ്
രണ്ടില ചിഹ്നം സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിധി ഇന്ന് വരുമെന്ന് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. വിധി തങ്ങൾക്ക് അനുകൂലമാകുന്നതോടെ ജോസ് വിഭാഗത്തിന്റെ അവകാശവാദവും ഇല്ലാതാകുമെന്നും ജോസഫ് അഭിപ്രായപ്പെട്ടു.
എന്നാൽ, അകലകുന്നം പഞ്ചായത്ത് തിരഞ്ഞടുപ്പിൽ ജോസഫിന് രണ്ടില ചിഹ്നത്തിന് അർഹതയില്ലെന്നു കാട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് തങ്ങൾ നൽകിയ പരാതിയിലെ തീർപ്പാണ് ഇന്നുണ്ടാവുകയെന്ന് ജോസ് വിഭാഗം അറിയിച്ചു.
പാർട്ടിയിലെ പിളർപ്പ്, രണ്ടില ചിഹ്നം എന്നിവ സംബന്ധിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത പരാതിയിലെ അന്തിമവിധി അല്ല.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിധി എന്ന് വരുമെന്ന് ആർക്കുമറിയില്ല.
സ്റ്റിയറിംഗ് കമ്മിറ്റി മാറ്റി
യു.ഡി.എഫിൽ നിന്ന് പുറത്തായതിനെ തുടർന്ന് ഇന്ന് കോട്ടയത്ത് നടത്താനിരുന്ന ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി മാറ്റി. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായ സാഹചര്യത്തിൽ യോഗം മാറ്റിവെച്ചുവെന്നാണ് വിശദീകരണം.