മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് ശിവശങ്കറിനെ മാറ്റി, പകരം മിർ മുഹമ്മദ് ഐ.എ.എസിന് ചുമതല

Tuesday 07 July 2020 10:57 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് ശിവശങ്കർ ഐ. എ.എസിനെ മാറ്റി. പകരം മിർ മുഹമ്മദ് ഐ.എ.എസിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയെങ്കിലും ഐ.ടി വകുപ്പ് സെക്രട്ടറിയായി എം.ശിവശങ്കർ തുടരും. സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനു പിന്നാലെ ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് താമസിച്ചിരുന്ന ഫ്ളാ​റ്റിൽ ഐ.ടി സെക്രട്ടറി ശിവശങ്കർ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് ഫ്ളാ​റ്റിലെ റസിഡൻസ് അസോസിയേഷൻ ഭാരവാഹി നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്റ്റേറ്റ് കാറിലാണ് ഐ.ടി സെക്രട്ടറി എത്തിയിരുന്നതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഐ.ടി വകുപ്പിൽ സ്വപ്ന സുരേഷിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ശിവശങ്കറിനോട് മുഖ്യമന്ത്രി വിശദീകരണം തേടിയേക്കും. സ്പ്രിംഗ്ളർ വിവാദത്തിലും ഐ.ടി സെക്രട്ടറിക്കെതിരായി ആരോപണമുയർന്നിരുന്നു.