എം.ശിവശങ്കർ പുറത്തേയ്ക്ക്; ദീർഘകാല അവധിയെടുത്തു

Tuesday 07 July 2020 12:23 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ എം.ശിവശങ്കർ ദീർഘകാല അവധിയെടുത്തു. ഇതു സംബന്ധിച്ച് അവധി അപേക്ഷ ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകി. സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ ശിവശങ്കറിന് നേരെ ഉയരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം അവധിക്ക് അപേക്ഷ നൽകിയത്. നേരത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയെങ്കിലും അദ്ദേഹത്തെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നില്ല. മുഖ്യമന്ത്രി കൈവിട്ടു എന്ന് കണ്ടതിന് പിന്നാലെയാണ് ശിവശങ്കർ അവധി അപേക്ഷ നൽകുന്നത്.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യാഗസ്ഥനായിരുന്നു എം.ശിവശങ്കർ. സ്പ്രിൻക്സര്‍ വിവാദത്തിൽ സർക്കാരിനേയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും പ്രതിക്കൂട്ടിലാക്കിയപ്പോൾ മുതൽ ഐ.ടി സെക്രട്ടറി കൂടിയായ എം.ശിവശങ്കർ വിമർശനങ്ങളുടെ നടുവിലായിരുന്നു. ഇന്നലെ യു.എ.ഇ കോൺസുലേറ്റിലേക്കെന്ന പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്കും അദ്ദേഹത്തിനും അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയതോടെ സർക്കാരും പാർട്ടിയും പ്രതിരോധത്തിലായിരുന്നു. ഇതോടെയാണ് കാര്യങ്ങൾ കൈവിട്ടത്.